തിരുവിതാംകൂർ കുറവർ മഹാസഭയുടെ രജിസ്ട്രേഷൻ ദുരുപയോഗം ചെയ്യുന്നതായി പരാതി
1484542
Thursday, December 5, 2024 4:39 AM IST
പത്തനംതിട്ട: അഖില തിരുവിതാംകൂർ കുറവർ മഹാസഭയുടെ രജിസ്ട്രേഷൻ, ലൈസൻസ് നമ്പരുകൾ രാഷ്ട്രീയ നേതാവടക്കം അനധികൃതമായി ഉപയോഗിക്കുന്നതായി മഹാസഭ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
മഹാസഭ രജിസ്ട്രേഷൻ- ലൈസൻസ് നമ്പരുകൾ, പതാക, മുദ്ര എന്നിവ മറ്റു സംഘടനകൾ ഉപയോഗിക്കുന്നത് പത്തനംതിട്ട മുൻസിഫ് കോടതി താത്കാലികമായി വിലക്കിയിരിക്കുകയാണെന്നും ഇവർ വ്യക്തമാക്കി.
പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം.ജി. കണ്ണൻ, മുൻ ഡിവൈഎസ്പി പി. കുട്ടപ്പൻ, മുൻ കൃഷി ഓഫീസർ രാമചന്ദ്രൻ കൊല്ലം എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അഖില കേരള കുറവർ മഹാസഭയാണ് രജിസ്റ്റർ, ലൈസൻസ് നമ്പരുകൾ ഉപയോഗിക്കുന്നതായി പരാതി ഉയർന്നത്.
കോഴഞ്ചേരി താലൂക്ക് യൂണിയന്റെ 54ാമത് വാർഷികം എന്ന തലക്കെട്ടോടെ ഇവർ നടത്തിയ പോസ്റ്റർ പ്രചാരണവും നോട്ടീസും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് തിരുവിതാംകൂർ മഹാസഭ കോടതിയെ സമീപിച്ചതെന്ന് പ്രസിഡന്റ് മനോജ് മുളന്തറ, ജനറൽ സെക്രട്ടറി കെ. ഗണേഷ് എന്നിവർ പറഞ്ഞു.
കുറവർ മഹാസഭയിലെ അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും സംഘടനയുടെ രേഖകൾ ദുരുപയോഗം ചെയ്യുന്നതും നിയമപരമായി നേരിടുമെന്നും ഭാരവാഹികൾ പറഞ്ഞു. രജിസ്ട്രേഷൻ ഐജി ഓഫീസിൽ അഖില കേരള കുറവർ മഹാസഭ എന്ന പേരിൽ സംഘടന രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
ട്രഷറർ ശ്യാംലാൽ ആർ. കൊല്ലം, രജിസ്ട്രാർ ടി.ജി. മധു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.