അപ്പർകുട്ടനാട് പാടശേഖരങ്ങളിൽ മട വീണു, വൻ നാശനഷ്ടം
1484541
Thursday, December 5, 2024 4:39 AM IST
തിരുവല്ല: അപ്പർ കുട്ടനാട്ടിൽ തിരുവല്ല താലൂക്ക് പരിധിയിലെ പാടശേഖരങ്ങളിലും മടവീഴ്ച; വൻ നാശനഷ്ടം. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയ്ക്കിടെ യാണ് മടവീഴ്ച. കാലം തെറ്റിവന്ന മഴ കർഷകർക്ക് വെള്ളിടിയായി. നെല്ല് വിതച്ച് അധികദിവസം ആകുന്നതിനു മുന്പ് മട വീണു വെള്ളം കയറിയതോടെ കർഷകർക്ക് വൻ നഷ്ടമാണുണ്ടായിരിക്കുന്നത്. അപ്പർ കുട്ടനാട് മേഖലകളിലെ ഹെക്ടർ കണക്കിനു പാടശേഖരങ്ങൾക്ക് നഷ്ടമുണ്ടായിട്ടുണ്ട്.
വിത നടത്തി രണ്ടു ദിവസം മുതൽ രണ്ടാഴ്ച വരെയുള്ള പാടശേഖരങ്ങളാണധികവും. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കുട്ടനാടൻ പാടശേഖരങ്ങളിലും ചങ്ങനാശേരി താലൂക്ക് പരിധിയിലും മടവീഴ്ച മൂലം വൻ നഷ്ടം കഴിഞ്ഞദിവസങ്ങളിലുണ്ടായി. ഇതിനു പിന്നാലെയാണ് അപ്പർകുട്ടനാട് പാടശേഖരങ്ങളിലേക്കും മടവീഴ്ച.
മേപ്രാൽ അഞ്ചടി, വേളൂർ, മുണ്ടകം പാടശേഖരം, കൂരച്ചാൽ, വളവനാരി, നിരണം പാടശേഖരങ്ങളിലാണ് കഴിഞ്ഞദിവസം രാത്രി മട വീണത്. അഞ്ചടി വേലൂർ പാടശേഖരത്തിലും കൂരച്ചാൽ പാടശേഖരത്തിലും രണ്ടാഴ്ച മുന്പാണ് വിത നടന്നത്. മട വീഴ്ചയിലൂടെയുണ്ടായ വെള്ളപ്പാച്ചിലിൽ വിത്ത് പൂർണമായി ഒഴുകിപ്പോയി.
വിതയ്ക്കായി ഒരുക്കിയിട്ടുള്ള പാടശേഖരങ്ങളിൽ മണ്ണും ചെളിയും നിറഞ്ഞു കൃഷിയോഗ്യമല്ലാതായി. ചാത്തങ്കേരി 250 ,കോടങ്കേരി 200, വളവനാരി 63 ഏക്കറുകളിലും നിരണത്തെ അരിയോടിച്ചാൽ, ചെന്പ്, നിരണം തടങ്ങളിലെ 600 ഏക്കറിലും മട വീണു.
പാടത്തേക്കാണ് മണ്ണുകൊണ്ടുള്ള പുറംബണ്ട് തകർന്ന് വെള്ളം കയറിയത്. പ്രധാന ചാലുകളോടും തോടിനോടും ചേർന്നുള്ള മോട്ടോർ തറകൾക്കും പെട്ടികൾക്കും കുത്തൊഴുക്കിൽ കേടുപാടുകൾ സംഭവിച്ചു. വെള്ളം നിറഞ്ഞു കിടക്കുന്ന പാടശേഖരങ്ങളുടെ സ്ഥിതി എന്താകുമെന്ന ആശങ്കയും ഉണ്ട്. പലയിടത്തും ആറടി ഉയരത്തിൽ വെള്ളം കയറിക്കിടക്കുകയാണ്. കുത്തൊഴുക്കും പാടശേഖരങ്ങളിലുണ്ട്. സമീപ സ്ഥലങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്. പാടശേഖരങ്ങളുടെ കരകളിൽ താമസിച്ചിരുന്നവരുടെ വീടുകളിലും വെള്ളം കയറി.
പാടങ്ങൾ കൃഷിയോഗ്യമല്ല; ഇനി എല്ലാം ആദ്യംമുതൽ
മട വീഴ്ച മൂലം നഷ്ടം നേരിട്ട പാടശേഖരങ്ങളിൽ ഇനി കൃഷി ഇറക്കണമെങ്കിൽ ജോലികൾ ആദ്യം മുതൽ തുടങ്ങണം. പുറംബണ്ട് ബലപ്പെടുത്തി മണ്ണ് ഒലിച്ചുപോയി ചെളിനിറഞ്ഞ പാടശേഖരങ്ങൾ അടിച്ചുകൂട്ടി നിലം വിതയ്ക്കായി ഒരുക്കുകയാണ് വേണ്ടത്. അപ്പോഴേക്കും വിതയ്ക്കാനുള്ള സമയം അതിക്രമിക്കും.
ഏപ്രിലിൽ കൊയ്ത്ത് നടത്താൻ കഴിയുന്ന രീതിയിലാണ് ഇപ്പോഴത്തെ കൃഷി. കൃഷി വൈകിയാൽ വേനൽമഴ നാശം വിതയ്ക്കും. കാലാവസ്ഥ അനുകൂലമായെങ്കിൽ മാത്രമേ നിലം ഒരുക്കൽ ജോലികൾ ഇനി ആരംഭിക്കാനുമാകൂ. നാശം നേരിട്ട മോട്ടർ തറകൾ പുനർനിർമിക്കുകയും പെട്ടിയും പറയും പ്രവർത്തനയോഗ്യമാക്കുവാൻ ലക്ഷങ്ങൾ മുടക്കേണ്ടി വരും. കടക്കെണിയിലായ കർഷകർക്ക് ഏറെ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കും.
കർഷകർ ആശങ്കയിൽ
അപ്രതീക്ഷിതമായ മഴയും കെടുതികളും കാരണം കർഷകർ കടുത്ത ആശങ്കയിലാണ്. വായ്പയെടുത്തും മറ്റുമാണ് കൃഷിക്കായി തയാറെടുപ്പുകൾ നടത്തിയിരുന്നത്. വിത്ത് ലഭിക്കാൻ വൈകിയതുമൂലം പലയിടത്തും വിതയും താമസിച്ചിരുന്നു. ഇതിനിടെയാണ് മഴ ശക്തമായത്.
കഴിഞ്ഞതവണ ഉഷ്ണതരംഗം മൂലം നെല്ല് പതിരായി പോയതിന്റെ നഷ്ടപരിഹാരം ഇതേവരെയും സർക്കാർ കർഷകർക്ക് നൽകിയിട്ടില്ല.
കടുത്ത പ്രതിസന്ധിയിലായ കർഷകർക്ക് ലഭിക്കാനുള്ള തുക എത്രയും വേഗം നൽകണമെന്ന് അപ്പർ കുട്ടനാട് നെൽകൃഷി സമിതി പ്രസിഡന്റ് സാം ഈപ്പൻ ആവശ്യപ്പെട്ടു.
കുട്ടനാടൻ മേഖലകളിലെ മിക്ക പാടശേഖരങ്ങളിലും പുറംബണ്ട് തകർന്ന് മട വീണ് ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടാകുന്ന സാഹചര്യത്തിൽ പാടശേഖരങ്ങളിലെ പുറംബണ്ട് ഉയർത്തി കൽബണ്ടുകൾ സ്ഥാപിച്ച് പാടശേഖരം സംരക്ഷക്കുവാൻ അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പാടശേഖരസമിതി ജില്ലാ കമ്മിറ്റി അംഗം എം.ജി. മോൻ, മേഖലാ ഭാരവാഹികളായ കുരുവിള, ഹരികുമാർ, മനോഹരൻ എന്നിവർ ആവശ്യപ്പെട്ടു.