അത്തിക്കയം പാലം നിർമാണം വൈകിപ്പിച്ച കരാറുകാരനെതിരേ എംഎൽഎ
1484508
Thursday, December 5, 2024 4:26 AM IST
റാന്നി: അത്തിക്കയം പാലം നിർമാണം വൈകിപ്പിച്ച കരാറുകാരനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രമോദ് നാരായൺ എംഎൽഎ. ജനങ്ങളുടെ യാത്ര സുഗമമാക്കുന്നതിന് പഞ്ചായത്തുമായി ആലോചിച്ചു നടപടി സ്വീകരിക്കാനും എംഎൽഎ റീബിൽഡ് കേരള അധികൃതരോട് ആവശ്യപ്പെട്ടു.
അപകടാവസ്ഥയിലായതിനെത്തുടർന്നു ഗതാഗതം നിരോധിച്ച പാലം സന്ദർശിച്ച ശേഷമാണ് എംഎൽഎ ഇക്കാര്യം ആവശ്യപ്പെട്ടത്.
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അത്തിക്കയം - കടുമീൻചിറ ഗുരുമന്ദിരം റോഡ് 3.05 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്നത്. ഇതിൽ റോഡിന്റെ പണി പൂർത്തിയായെങ്കിലും പാലത്തിന്റെ നിർമാണം അനിശ്ചിതമായി നീണ്ടുപോയതോടെയാണ് പാലം അപകടാവസ്ഥയിലായത്.
നേരത്തെതന്നെ പാലത്തിന്റെ അത്തിക്കയം കരയിലെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നിരുന്നു. ഇപ്പോൾ മറുഭാഗം കൂടി ഇടിഞ്ഞതോടെ പാലം അപകടാവസ്ഥയിൽ ആയിരിക്കുകയാണ്.
പാലത്തിന്റെ പണി എത്രയും വേഗം പൂർത്തിയാക്കണമെന്ന് കരാറുകാരനോട് എംഎൽഎ നിരവധി തവണ ആവശ്യപ്പെട്ടിരുന്നതാണ്. നിർമാണം ആരംഭിച്ചില്ലെങ്കിൽ കരാറുകാരനെതിരേ നിയമ നടപടി സ്വീകരിക്കാനും എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്.