സവാബ് സംസ്ഥാന സമ്മേളനം തിരുവല്ലയിൽ
1484503
Thursday, December 5, 2024 4:26 AM IST
പത്തനംതിട്ട: സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് ഭാരത് (സവാബ്) എട്ടാം സംസ്ഥാന സമ്മേളനം ഏഴിന് തിരുവല്ല സത്രം ഓഡിറ്റോറിയത്തിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ ഒന്പതിന് പതാക ഉയർത്തലിനെത്തുടർന്ന് പ്രകടനത്തോടെ സമ്മേളനം ആരംഭിക്കും. പത്തിന് കവി രാജീവ് ആലുങ്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. സവാബ് സംസ്ഥാന പ്രസിഡന്റ് സാബു ഐക്കരേത്ത് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സാഹിത്യകാരി വൈഗ വസുദേവ് വിശിഷ്ടാതിഥിയായിരിക്കും. തുടർന്ന് പ്രതിനിധി സമ്മേളനം ചേരും.
ഉച്ചകഴിഞ്ഞ് മൂന്നിനു കലാ സാംസ്കാരിക സമ്മേളനം കലാമണ്ഡലം ഗോപിക ഉദ്ഘാടനം ചെയ്യും. പ്രസന്നൻ ആനിക്കാട്, സുധീഷ് വെൺപാല, ഡോ.നിരണം രാജൻ, ഉഷ സുരേന്ദ്രനാഥ് തുടങ്ങിയവർ പ്രസംഗിക്കും. വിവിധ കലകളിൽ മികവ് പുലർത്തിയവരെ ആദരിക്കും. വൈകുന്നേരം അഞ്ചു മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും.
38 ഇനം കലകളിലായി സ്റ്റേജിലും സ്റ്റേജിതര വിഭാഗങ്ങളിലായി പ്രവർത്തിച്ചുവരുന്ന കലാകാരെ ഉൾപ്പെടുത്തിയാണ് മല്ലപ്പള്ളി കേന്ദ്രീകരിച്ച് സംസ്ഥാനതല സംഘടന പ്രവർത്തിക്കുന്നത്. സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന സംഘടനയിൽ മുന്നൂറിൽപരം അംഗങ്ങളാണുള്ളത്.
കലാകാരന്മാരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി സംഘടന മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്നും ഇതു നടപ്പാക്കാൻ ശ്രമങ്ങൾ തുടരുമെന്നും ഭാരവാഹികൾ പറഞ്ഞു.
രക്ഷാധികാരി ഡോ. നിരണം രാജൻ, പ്രസിഡന്റ് സാബു ഐക്കരേത്ത്, കൺവീനർ ശ്രീദേവി ശ്രീകുമാർ, കോ-ഓർഡിനേറ്റർ കെ.എൻ. ഷീബ, വനിതാവേദി ട്രഷറർ ഹേമ ആർ. നായർ, ജനറൽ സെക്രട്ടറി എം.ജി. മുരളീദാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.