എംസി റോഡും പിഎം റോഡും വില്ലൻ
1484500
Thursday, December 5, 2024 4:26 AM IST
ജില്ലയിൽ ഏറ്റവുമധികം അപകടങ്ങൾ നടക്കുന്നത് എംസി റോഡിലാണ്. നവീകരണം പൂർത്തിയായ എംസി റോഡിൽ പത്തനംതിട്ട ജില്ലയുടെ പരിധിയിൽ ഏനാത്തിനും കുളനടയ്ക്കും മധ്യേയാണ് അപകടങ്ങൾഏറെയുണ്ടാകുന്നത്. ഇതിൽ കുരന്പാല, കുളനട ഭാഗങ്ങൾ ഏറ്റവുമധികം അപകടങ്ങൾക്കു സാക്ഷ്യം വഹിച്ചു.
തിരുവല്ല ഭാഗത്ത് കുറ്റൂരിനും മുത്തൂരിനും ഇടയിലും അപകടങ്ങൾ നിരവധിയാണ്. നവീകരിച്ചശേഷം റോഡ് സുരക്ഷാ ഇടനാഴി തീർത്ത എംസിറോഡിൽ അടൂർവരെ വീണ്ടും നവീകരിച്ചിരുന്നു. നിരവധി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാണ് റോഡ് പണിതത്. എന്നാൽ ഏനാത്തിനും അടൂരിനും മധ്യേ അപകടങ്ങൾ ആവർത്തിക്കുകയാണ്. അമിതവേഗമാണ് അപകടങ്ങൾ ഏറെയും വരുത്തിവയ്ക്കുന്നത്.
കുരന്പാല, കുളനട ഭാഗങ്ങളിൽ ഇതിനോടകം നിരവധി ജീവനുകളാണ് പൊലിഞ്ഞത്. അപകടങ്ങളേറെയും രാത്രികാലങ്ങളിലാണ് ഉണ്ടായിട്ടുള്ളത്. കാമറകൾ സ്ഥാപിച്ച് വേഗം നിരീക്ഷിച്ച് നടപടിയെടുത്തുവരുന്നുണ്ടെങ്കിലും രാത്രികാല അപകടങ്ങൾ കുറയ്ക്കാൻ മറ്റു സംവിധാനങ്ങളില്ല.
നിർമാണം പൂർത്തിയായതിനു പിന്നാലെ പിഎം റോഡ് അപകട മുനന്പായി മാറുകയായിരുന്നു. നവീകരണ ജോലികൾ പൂർത്തീകരിച്ച് റോഡ് കെഎസ്ടിപിക്ക് കൈമാറിയിട്ടില്ലെങ്കിലും സുരക്ഷാ സംവിധാനങ്ങൾ പലയിടത്തുമുണ്ടായിട്ടില്ല. റോഡുമായി ബന്ധപ്പെട്ട അശാസ്ത്രീയ നിർമാണങ്ങളെ സംബന്ധിച്ച പരാതികളും ഏറെയാണ്.
ഇതിനോടകം അപകടങ്ങൾ ഏറെയുണ്ടായ കലഞ്ഞൂർ, വകയാർ, കിഴവള്ളൂർ, കുന്പഴ, മൈലപ്ര, മണ്ണാറക്കുളഞ്ഞി, ഉതിമൂട്, തോട്ടമൺ, ചെത്തോങ്കര, മന്ദമരുതി ഭാഗങ്ങളിലെ അപകടങ്ങളെക്കുറിച്ച് പഠനം നടന്നിട്ടില്ല. റോഡ് പുനർനിർമാണം നടത്തുന്പോൾ വളവുകൾ പരമാവധി ഒഴിവാക്കാൻ നിർദേശമുണ്ടായിരുന്നു. എന്നാൽ, പലയിടങ്ങളിലും വളവുകൾ അതേപടി നിലനിർത്തിയാണ് നിർമാണം നടത്തിയത്.
വീതി കൂടുതലായി ആവശ്യമുള്ളിടത്ത് അതെടുക്കാതെ അശാസ്ത്രീയമായി നിർമാണം നടത്തിയതും ഓടകൾ റോഡിലേക്ക് കയറ്റി നിർമിച്ചതും പലയിടത്തും അപകടസാധ്യത വർധിപ്പിക്കുന്നു. സ്ഥിരം അപകട മേഖലയായി മാറിക്കൊണ്ടിരിക്കുന്ന കലഞ്ഞൂർ സ്കൂൾ ജംഗ്ഷനിൽ കഴിഞ്ഞ ഞായറാഴ്ച ആംബുലൻസും കെഎസ്ആർടിസി ബസുമാണ് കൂട്ടിയിടിച്ചത്.
പിഎം റോഡ് പുനർനിർമിച്ചതിനു പിന്നാലെ വാഹനങ്ങളുടെ എണ്ണവും കൂടി. രാത്രിയും പകലും ഒരേപോലെ വാഹനങ്ങൾ ഓടുന്നുണ്ട്. റോഡ് മുൻപരിചയമില്ലാത്ത ഡ്രൈവർമാരുടെ ശ്രദ്ധക്കുറവ് പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നു. ഇതോടൊപ്പം നിർമാണം ചിലയിടങ്ങളിൽ പൂർത്തീകരിക്കാതെ കിടക്കുന്നതും അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്.