റോഡപകടങ്ങളുടെ കണക്കിൽ കുറവില്ലാതെ പത്തനംതിട്ട
1484499
Thursday, December 5, 2024 4:26 AM IST
പത്തനംതിട്ട: മലയോരവും കുട്ടനാടിന്റെ ഭാഗവും ചേർന്ന പത്തനംതിട്ട ജില്ലയിൽ വാഹനാപകടങ്ങളുടെ എണ്ണവും കുറവല്ല. എംസി റോഡും ടികെ റോഡും പിഎം റോഡും ഉൾപ്പെടെയുള്ള സംസ്ഥാന പാതകളും ഭരണിക്കാവ് - മുണ്ടക്കയം 183 എ ദേശീയപാതയും ശബരിമല പാതകളും കടന്നുപോകുന്ന പത്തനംതിട്ട ജില്ലയിൽ പ്രതിദിന അപകടനിരക്കും കുറവല്ലാതെ ഉണ്ട്.
സംസ്ഥാന പാതകളടക്കം മെച്ചപ്പെട്ടതിനു പിന്നാലെ അപകടങ്ങളുടെ എണ്ണവും കൂടുകയായിരുന്നു. നവീകരിച്ച റോഡുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പലയിടത്തും പാലിക്കപ്പെടാതെ പോകുകയും അശാസ്ത്രീയമായ നിർമാണം നടത്തുകയും കൂടി ചെയ്തതോടെ അപകടസാധ്യതകൾ വർധിച്ചു.
ശബരിമല തീർഥാടകരുടേതടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ജില്ലയിലെ പ്രധാന നിരത്തുകളിലൂടെ ദിവസവും കടന്നു പോകുന്നത്. ഇതോടൊപ്പ മാണ് മലയോര മേഖലയിലേക്കുള്ള യാത്രക്കാരും പത്തനംതിട്ട വഴിയുള്ള പാതയെ പ്രധാനമായും ആശ്രയിക്കുന്നത്. നിർമാണ സാമഗ്രികളും തടികളുമായി ചരക്ക് ലോറികളും ടിപ്പറുകളും ചീറിപ്പായുന്നതും ഇതേ വഴികളിലൂടെയാണ്.
ഈ ദിവസങ്ങളിലെല്ലാമുണ്ടായ തുടർച്ചയായ അപകടങ്ങൾ പത്തനംതിട്ടയുടെ ഉറക്കം കെടുത്തുന്നതാണ്. ശനിയാഴ്ച രാവിലെ എംസി റോഡിലൂടെ ലോഡ് കയറ്റിവന്ന ലോറി കുരന്പാലയിൽ വീടിനു മുകളിലേക്കാണ് മറിഞ്ഞത്. ഞായറാഴ്ച കലഞ്ഞൂരിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും ആംബുലൻസും കൂട്ടിയിടിച്ചു. ചൊവ്വാഴ്ച ഇലന്തൂരിൽ കെഎസ്ആർടിസി ബസുകൾ ഇടിച്ചാണ് അപകടമുണ്ടായത്. ഇരുചക്ര വാഹനങ്ങളുടേതടക്കം നിരവധി അപകടങ്ങൾ ഇതിനൊപ്പം ഉണ്ടായി.
പ്രതിദിനം ശരാശരി 19 അപകടം
ചെറുതും വലുതുമായി പ്രതിദിനം ശരാശരി 19 അപകടങ്ങൾ കഴിഞ്ഞ ഒന്നര വർഷത്തിനിടെ പത്തനംതിട്ട ജില്ലയിലെ നിരത്തുകളിലുണ്ടായിട്ടുണ്ടെന്നാണ് പോലീസ് കണക്ക്. 2023 ജനുവരി ഒന്നു മുതൽ കഴിഞ്ഞ ഒക്ടോബർ 15 വരെയുള്ള പോലീസ് കണക്കിൽ 3,455 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇതിൽ 305 മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റത് 3,001 പേർക്കാണ്. ഓരോ അപകടത്തിലും അംഗവൈകല്യം ഉൾപ്പെടെ ഉണ്ടായവരും നിരവധിയാണ്. കണക്കുകൾ പ്രകാരം ശബരിമല മണ്ഡല, മകരവിളക്കു തീർഥാടനകാലമായ ഡിസംബർ, ജനുവരി മാസങ്ങളിലാണ് ഏറ്റവുമധികം അപകടം നടന്നിരിക്കുന്നത്.
രാത്രികാല അപകടങ്ങളും ഗണ്യമായി വർധിച്ചിരിക്കുകയാണ്. പോലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും പട്രോളിംഗ് കാര്യക്ഷമമല്ലാത്തതും അപകടങ്ങൾക്കു കാരണമാകുന്നുണ്ട് പ്രധാന നിരത്തുകളിൽ പോലും ട്രാഫിക് സിഗ്നലുകളും ലൈറ്റുകളും ഇല്ല. നഗരപ്രദേശത്തുപോലും തെരുവു വിളക്കുകൾ കത്തുന്നില്ല. ശബരിമല തീർഥാടനകാലത്തും തെരുവുവിളക്കുകൾ കത്തിത്തുടങ്ങിയിട്ടില്ല.
റോഡിലെ വെളിച്ചക്കുറവ് പലപ്പോഴും വില്ലനായി മാറാറുണ്ട്. കാട്ടുപന്നിയും തെരുവുനായയും കുറുകെച്ചാടി ഉണ്ടായ വാഹനാപകടങ്ങൾക്കും കുറവില്ല. ഇത്തരം അപകടം പത്തനംതിട്ട ജില്ലയിലെ റോഡുകളിൽ പ്രതിദിനം റിപ്പോർട്ട് ചെയ്തു വരികയാണ്.
ടികെ റോഡിന്റെ ദുരവസ്ഥ
വർഷങ്ങൾക്കു മുന്പ് ബിഎം ബിസി ടാറിംഗ് നടത്തിയതാണെങ്കിലും തിരുവല്ല - കുന്പഴ റോഡ് നിലവിൽ ശോച്യാവസ്ഥയിലാണ്. പത്തനംതിട്ട ജില്ലയുടെ മധ്യഭാഗത്തുകൂടിയുള്ള പാത ഏറെ പ്രധാനപ്പെട്ടതുമാണ്. റോഡിന്റെ പല ഭാഗങ്ങളും തകർന്നു കിടക്കുകയാണ്. ഇതിനൊപ്പം വീതിക്കുറവും പ്രധാന പ്രശ്നമാണ്.
വാഹനങ്ങളുടെ എണ്ണം വർധിച്ചപ്പോഴും റോഡിനു വീതി ഇല്ലാത്തതാണ് ടികെ റോഡ് നേരിടുന്ന പ്രതിസന്ധി. വളവുകൾ ഏറെയുള്ള പാതയുടെ വീതിക്കുറവ് പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നു.
ഇരുചക്രവാഹനങ്ങൾ മൂലമുള്ള അപകടങ്ങൾ ഏറെയുണ്ടാകുന്നതും ടികെ റോഡിലാണ്. കോഴഞ്ചേരി - മാവേലിക്കര റോഡിൽ തെക്കേമല മുതൽ ചെങ്ങന്നൂർ വരെയുള്ള ഭാഗങ്ങളിലും തിരക്ക് വർധിച്ചുവെങ്കിലും നവീകരണ ജോലികൾ നടത്തിയിട്ടില്ല.
അടൂരിലൂടെയുള്ള കായംകുളം - പുനലൂർ പാതയിലും അപകടങ്ങൾക്ക് കുറവില്ല. രാത്രികാല അപകടങ്ങൾ ഏറെയുണ്ടാകുന്നത് കെപി റോഡിലാണ്. തമിഴ്നാട്ടിലേക്കുള്ള ചരക്ക് വാഹനങ്ങൾ കൂടുതലായി ഓടുന്ന പാതയാണിത്. റോഡ് പലയിടത്തും ശോച്യാവസ്ഥയിലായതാണ് അപകടങ്ങൾ കൂടാൻ കാരണം.