സ്കൂൾബസ് ഡ്രൈവറെ കാണാതായ കേസിൽ അന്വേഷണം ഊർജിതമാക്കി
1484259
Wednesday, December 4, 2024 4:55 AM IST
പത്തനംതിട്ട: സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന്, ബസ് ഡ്രൈവറെ കാണാതായ കേസിന്റെ അന്വേഷണം ഊർജിതമാക്കി. കടന്പനാട് കെആർകെപിഎം എച്ച്എസിലെ ബസ് ഡ്രൈവറായിരുന്ന കടമ്പനാട് വടക്ക് മലയിലരികത്ത് തുഷാര മന്ദിരം തുളസിധരൻപിള്ള (77)യെ ജൂൺ നാലിനാണ് കാണാതായത്.
ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാർ നേരിട്ട് അന്വേഷിക്കുന്ന കേസിന്റെ മുഖ്യ അന്വേഷണോദ്യോഗസ്ഥൻ അടൂർ ഡിവൈഎസ്പി ജി.സന്തോഷ് കുമാറാണ്. ബസിന്റെ ടെസ്റ്റിന്റെ പണി കഴിഞ്ഞുവരവേ കടമ്പനാട് കുഴിയാലയിൽ ജൂൺ നാലിന് രാവിലെ 11.15ന് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച്, ഓട്ടോയിൽ യാത്രചെയ്ത പുരുഷനും സ്ത്രീക്കും ഗുരുതര പരിക്കേറ്റിരുന്നു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ, പരിക്കേറ്റ ശിവാനന്ദൻ മരിച്ചു. അപകടം നടന്നയുടൻ തുളസിധരൻ പിള്ളയെ സ്ഥലത്തുനിന്നു കാണാതായതാണ്. അപകടത്തെത്തുടന്ന് ഏനാത്ത് പോലീസ് ഇയാളെ പ്രതിയാക്കി കേസെടുത്തിരുന്നു.
മകൾ തുഷാര നൽകിയ മൊഴിപ്രകാരം ഏനാത്ത് പോലീസ് കാണാതായതിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നെങ്കിലും വിവരങ്ങൾ ലഭിച്ചില്ല. മകൾ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതിയിൽ ഫയൽ ചെയ്തതിനെത്തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം അടൂർ ഡിവൈഎസ്പി ജി സന്തോഷ് കുമാറിനെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനാക്കി 16 അംഗ പ്രത്യേക സംഘം രൂപീകരിച്ച് പിന്നീട് അന്വേഷണം വ്യാപകമാക്കി.
ഒക്ടോബർ 11ന് അന്വേഷണം ഏറ്റെടുത്ത ജില്ലാ പോലീസ് മേധാവി, അന്വേഷണപുരോഗതി അടിക്കടി വിലയിരുത്തുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിലും ആരാധനാലയങ്ങളിലും പ്രത്യേക അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് പോലീസ് പറഞ്ഞു.