ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധ സംഗമം ആറിന്
1484258
Wednesday, December 4, 2024 4:55 AM IST
പത്തനംതിട്ട: കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറിനു രാവിലെ പത്തിന് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുന്പിൽ ജില്ലാതലത്തിൽ പ്രതിഷേധ സംഗമം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര സംസ്ഥാന നിയമങ്ങൾ മൂലം ആന എഴുന്നള്ളിപ്പും വെടിക്കെട്ടും ഉത്സവ ആഘോഷങ്ങളിൽ നടത്താൻ പറ്റാത്ത സാഹചര്യമായതിനാൽ നിലവിലെ നിയമങ്ങളിൽ ഭേദഗതികൾ കൊണ്ടുവരാൻ സർക്കാരുകൾ തയാറാകണമെന്നു കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ ജില്ലാ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
കേരളത്തനിമയോടെ ഉത്സവങ്ങൾ സംഘടിപ്പിക്കാനും ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കാനും ആവശ്യമായ നിയമനിർമാണങ്ങൾ നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും കോ -ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ആറിനു രാവിലെ 10ന് പ്രമോദ് നാരായൺ എംഎൽഎ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ആർ. അജിത്ത്കുമാർ വള്ളംകുളം അധ്യക്ഷത വഹിക്കും.
യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് രാജേഷ് പല്ലാട്ട് മുഖ്യപ്രഭാഷണം നടത്തും. ജോസഫ് എം. പുതുശേരി, പഴകുളം മധു, വി.എ. സൂരജ്, കെ.പി. ഹരിദാസ്, ശരത് എന്നിവർ പ്രസംഗിക്കും.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് രാജേഷ് പല്ലാട്ട്, ജില്ലാ സെക്രട്ടറി മുരളി വരാപ്പുഴ, ജില്ലാ പ്രസിഡന്റ് ആർ. അജിത്ത് കുമാർ, കെ.എം. അയ്യപ്പൻകുട്ടി കോട്ടപ്പാറ, മനേഷ് എസ്. നായർ, പി.എസ്.രവീന്ദ്രനാഥ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.