ഡോ. സുനിലിന്റെ 333-ാമത് സ്നേഹഭവനം ആറംഗ കുടുംബത്തിന്
1484255
Wednesday, December 4, 2024 4:55 AM IST
പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബത്തിന് പണിതുനൽകുന്ന 333 - മത് സ്നേഹ ഭവനം ഓമല്ലൂർ ചീക്കനാൽ പാലേലിൽ മുരുപ്പേൽ വിധവയായ ശോശാമ്മയുടെ ആറംഗ കുടുംബത്തിന്.
കോട്ടയം സ്വദേശിയായ കുര്യൻ വർഗീസിന്റെയും റെജീന കുര്യന്റെയും സഹായത്താൽ നിർമിച്ചു നൽകി .വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ജി.എസ്. ജയലാൽ എംഎൽഎ നിർവഹിച്ചു.
വിധവയായ ശോശാമ്മയും മകൾ സെലീനയും സെലീനയുടെ ഭർത്താവ് അനിയും ഭിന്നശേഷിക്കാരായ മൂന്നു കുട്ടികളും വിവിധ അസുഖങ്ങളാൽ ദുരിതജീവിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇവരുടെ അവസ്ഥ നേരിൽ മനസിലാക്കിയ ഡോ. സുനിൽ രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 650 ചതുരശ്ര അടി വലിപ്പമുള്ള വീടു നിർമിച്ചുനൽകുകയായിരുന്നു.
ചടങ്ങിൽ വാർഡ് മെംബർമാരായ ബിന്ദു ചാക്കോ, മിനി വർഗീസ്, പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.പി. ജയലാൽ, ബിനോയ് കുര്യാക്കോസ്, ബിജു താഴേതിൽ, ദീപ രാജ്, ശ്രീജ, മോൻസി പോൾ എന്നിവർ പ്രസംഗിച്ചു.