‘നമ്മളെത്തും മുന്നിലെത്തും’ പദ്ധതി ഈ വർഷവും നടപ്പാക്കും
1479167
Friday, November 15, 2024 4:32 AM IST
അടൂർ: പത്തനംതിട്ട ജില്ലയിലെ ഹയർസെക്കൻഡറി വിജയശതമാനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ജില്ലാ പഞ്ചായത്ത് കഴിഞ്ഞ വർഷം നടപ്പാക്കിയ ‘നമ്മളെത്തും മുന്നിലെത്തും’ പദ്ധതി ഈ വർഷവും നടപ്പാക്കും. ഇതിനായി അധ്യാപകരുടെ ശില്പശാല നടത്തി. ഹയർ സെക്കൻഡറി പരീക്ഷാഫലത്തിൽ സംസ്ഥാനത്തു പതിനാലാം സ്ഥാനത്തായിരുന്ന ജില്ല കഴിഞ്ഞ വർഷമാണ് ആദ്യമായി പത്താം സ്ഥാനത്തെത്തിയത്. ജില്ലാ പഞ്ചായത്തിന് പദ്ധതി വീണ്ടും നടപ്പിലാക്കുന്നതിന് ഇത് പ്രചോദനമായിട്ടുണ്ട്.
നമ്മളെത്തും മുന്നിലെത്തും എന്ന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പ്രത്യേക പഠനസഹായികൾ വിതരണം ചെയ്തു. എളുപ്പത്തിൽ ഈ വിഷയങ്ങൾ പഠിക്കുന്നതിന് ലളിതമായ നോട്ടുകളാണ് വിദഗ്ധരായ 60 അധ്യാപകർ തയാറാക്കിയിട്ടുള്ളത്.
ഇംഗ്ലീഷ്, ഇക്കണോമിക്സ്, കെമിസ്ട്രി, ഫിസിക്സ്,ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ജോഗ്രഫി, കമ്പ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങൾക്കാണ് രണ്ടാം വർഷകാർക്ക് ലളിതമായ പഠനസാമഗ്രികൾ തയാറാക്കിയിട്ടുള്ളത് .
ഒന്നാം വർഷക്കാർക്ക് 15 എണ്ണം കൂടാതെ ഹിന്ദി, മലയാളം എന്നീ വിഷയങ്ങൾക്കും പഠനസഹായികൾ ലഭ്യമാക്കും. രണ്ടാം വർഷ പഠന സാമഗ്രികൾക്കായി ശില്പശാല അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ ഉദ്ഘാടനം ചെയ്തു.ഹയർസെക്കൻഡറി ജില്ലാ കോ -ഓർഡിനേറ്റർ സജി വർഗീസ് അധ്യക്ഷത വഹിച്ചു.
ആർഡിഡി വി. അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി. അക്കാഡമിക് കോ ഓർഡിനേറ്റർ സി.ബിന്ദു, പി.ആർ ഗിരീഷ് എന്നിവർ പ്രസംഗിച്ചു. ഡിസംബർ അവസാനത്തോടുകൂടി ജില്ലയിലെ എല്ലാ സ്കൂളുകളിലും ആവശ്യമായ പുസ്തകങ്ങൾ സൗജന്യമായി അച്ചടിച്ചു വിതരണം ചെയ്യും.