കോന്നി നിയോജകമണ്ഡലത്തിൽ രണ്ട് വ്യവസായ പാർക്കുകൾ
1479166
Friday, November 15, 2024 4:28 AM IST
കോന്നി: നിയോജക മണ്ഡല പരിധിയിൽ രണ്ട് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിന് നടപടികൾ തുടങ്ങിയതായി കെ.യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. കോന്നി മെഡിക്കൽ കോളജിന് സമീപം കൃഷി വകുപ്പിന്റെ അഞ്ച് ഏക്കർ ഭൂമിയിൽ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിന്റെ നേതൃത്വത്തിലും ചിറ്റാർ പഞ്ചായത്തിൽ വ്യവസായ വകുപ്പ് അനുവദിച്ച 23 സ്വകാര്യ വ്യവസായ പാർക്കുകളിൽ ഉൾപ്പെടുത്തി സെൻട്രൽ ബസാർ ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിൽ 10 ഏക്കർ ഭൂമിയിലുമാണ് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നത്. പ്രത്യക്ഷത്തിലും പരോക്ഷത്തിലുമായി 2000 പേർക്ക് തൊഴിൽ ലഭിക്കും.
എച്ച്എൽഎൽ നേതൃത്വത്തിൽ കോന്നിയിൽ ആരംഭിക്കുന്ന വ്യവസായ പാർക്കിൽ ആദ്യഘട്ടത്തിൽ കുപ്പിവെള്ള നിർമാണ കമ്പനിയും സർജിക്കൽ ഗ്ലൗസ്, ബ്ലഡ് സ്റ്റോറേജ് ബാഗ്, സർജിക്കൽ മാസ്ക് നിർമാണ കമ്പനിയും പ്രവർത്തനം ആരംഭിക്കും. തുടർന്ന് ടൗൺ ഷിപ്പ് സ്ഥാപിക്കുന്നത്തിന്റെ ഭാഗമായി വിശാലമായ മാൾ നിർമിക്കുന്നതിനുള്ള നടപടികളും ഉണ്ടാകും.
ചിറ്റാറിൽ ആരംഭിക്കുന്ന സ്വകാര്യ വ്യവസായ പാർക്കിൽ സിമന്റ് കോൺക്രീറ്റ് മിക്സിംഗ് യൂണിറ്റ്, അഗ്രിഗേറ്റ് സിമന്റ് യൂണിറ്റ്, വിവിധ നിർമാണ സാമഗ്രികളുടെ യൂണിറ്റുകൾ, പ്ലാസ്റ്റിക് ഉപകരണ നിർമാണ യൂണിറ്റ് തുടങ്ങിയവ ആദ്യഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കും. വ്യവസായ പാർക്കിനോടനുബന്ധിച്ചു മൾട്ടി സൂപ്പർ മാർക്കറ്റും ആരംഭിക്കും.
ചിറ്റാറിലെ സ്വകാര്യ വ്യവസായ പാർക്കിൽ 10 ഏക്കർ ഭൂമി പദ്ധതിക്കായി അനുബന്ധമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഗവിയിലേക്കു പോകുന്ന സഞ്ചാരികളെ ആകർഷിക്കുന്നതിനായി പ്രത്യേകം പദ്ധതികൾ തയാറാക്കുമെന്നും എംഎൽഎ പറഞ്ഞു.