കോന്നി ആർസിബിക്ക് മുന്നിൽ സമരം കടുപ്പിച്ച് നിക്ഷേപകൻ
1479165
Friday, November 15, 2024 4:28 AM IST
കോന്നി: റീജണൽ സർവീസ് സഹകരണ സംഘത്തിനു മുന്നിൽ സമരം കടുപ്പിച്ച് താവളപ്പാറ സ്വദേശി ആനന്ദൻ. ഇന്നലെ സംഘം ഓഫീസ് തുറക്കാൻ അനുവദിക്കാതെ പ്രതിഷേധം ശക്തമാക്കി. രാവിലെ ജീവനക്കാർ എത്തിയെങ്കിലും ഓഫീസ് തുറക്കുന്നത് തന്റെ പണം നൽകാമെന്ന് ഉറപ്പ് നൽകിയാൽ മാത്രം മതിയെന്ന നിലപാടിലായിരുന്നു ഇദ്ദേഹം.
ആർസിബിയിൽ നിക്ഷേപിച്ച 11 ലക്ഷം രൂപ തിരികെ കിട്ടാത്തതിൽ പ്രതിഷേധിച്ച് പയ്യനാമൺ താവളപ്പാറ ആനന്ദഭവനം പി.ആനന്ദനും കുടുംബവും സംഘത്തിനു മുന്നിലുള്ള കുത്തിയിരിപ്പ് സമരം തുടങ്ങിയിട്ട് നാലു ദിവസമായി.
പോലീസ് എത്തി ഇദ്ദേഹത്തെ ഇവിടെ നിന്നു നീക്കാനുള്ള ശ്രമത്തിനിടെ ആനന്ദൻ റോഡിൽ കുഴഞ്ഞു വീണു. തുടർന്ന് പോലീസ് ഇദ്ദേഹത്തേ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.