തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിനു നാളെ തുടക്കം
1479162
Friday, November 15, 2024 4:28 AM IST
കോഴഞ്ചേരി: തെള്ളിയൂര്‍ക്കാവ് വൃശ്ചികവാണിഭത്തിന് നാളെ തുടക്കമാകും. രാവിലെ 8.30ന് ചരല്‍ക്കുന്ന് - മൈലാടുംപാറ ക്ഷേത്രത്തില്‍ നവധാന്യഘോഷയാത്ര തെള്ളിയൂര്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് കൊടിമരച്ചുവട്ടിലെ വെള്ളിപ്പരമ്പില്‍ കേരള പുലയര്‍ മഹാസഭാ സംസ്ഥാന സെക്രട്ടറി തുറവൂര്‍ സുരേഷ് ധാന്യസമര്‍പ്പണം നടത്തുന്നതോടെ വാണിഭത്തിനു തുടക്കമാകും.
വൃശ്ചികവാണിഭ മേളയുടെ ഉദ്ഘാടനം സിനിമ-സീരിയല്‍ താരം കൃഷ്ണപ്രസാദ് നിര്‍വഹിക്കും. ക്ഷേത്ര മേല്‍ശാന്തി മനോജ് നാരായണന് നമ്പൂതിരി ഭദ്രദീപം തെളിക്കും. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് പി. ജി. സതീഷ്കുമാര്‍, സെക്രട്ടറി അഖില്‍ എസ്. നായര്‍, ഗ്രാമപഞ്ചായത്തംഗം ശ്രീജ ടി.നായര്‍, ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസര്‍ കെ. വന്ദന തുടങ്ങിയവര്‍ പങ്കെടുക്കും.
ഇതോടൊപ്പം 41 ദിവസം നീണ്ടുനില്‍ക്കുന്ന കളമെഴുതി പാട്ടിനും ക്ഷേത്രത്തില്‍ തുടക്കമാകും. ഡിസംബര്‍ ഒന്നുവരെ നീളുന്ന മേള ഇക്കുറി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ പൂര്‍ണ ചുമതലയിലാണ്.