വയോധികയെ ആക്രമിച്ച് സ്വർണാഭരണം കവർന്നു
1479159
Friday, November 15, 2024 4:28 AM IST
അടൂർ: ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ വീടു കയറി അക്രമിച്ച് ആഭരണങ്ങൾ കവർന്നു. പുതുശേരിഭാഗം ലതാ മന്ദിരത്തിൽ നളിനിയെയാണ് (80) വീടുകയറി ആക്രമിച്ച ശേഷം ശരീരത്തിൽ കിടന്ന സ്വർണാഭരണങ്ങൾ കവർന്നത്. ബുധനാഴ്ച രാത്രി ഒന്പതിനാണ് രണ്ടുപേർ നളിനിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്.
തുടർന്ന് ഇവരെ മർദ്ദിച്ച് അവശയാക്കി ആഭരണങ്ങൾ കവരുകയായിരുന്നെന്ന് പോലീസ് പറയുന്നു. മാല, വള, മോതിരം എന്നിവയാണ് മോഷണം പോയത്. ബുധനാഴ്ച രാത്രിയിൽ ഉണ്ടായ സംഭവം വ്യാഴാഴ്ച രാവിലെയാണ് അക്രമത്തിന് ഇരയായ വയോധിക അയൽവാസിയോടു പറഞ്ഞത്.
തുടർന്ന് കൊടുമണ്ണിൽ താമസിക്കുന്ന മകൾ വിവരമറിഞ്ഞെത്തി ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. തുടർന്ന് ഏനാത്ത് പോലീസിൽ പരാതി നൽക്കുകയായിരുന്നു. നളിനിയുടെ മുഖത്തും ശരീരത്തും പരിക്കുകളുണ്ട്.