ശുചീകരണത്തിന് വിശുദ്ധിസേന സജ്ജം
1479156
Friday, November 15, 2024 4:11 AM IST
ശബരിമല: ശബരിമലയിലെയും ഇടത്താവളങ്ങളിലെയും ശുചീകരണ ജോലികള്‍ക്കായി വിശുദ്ധിസേന നിരന്നു. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ കീഴില്‍ ആയിരത്തോളം പേരെയാണ് ഇത്തവണ വിശുദ്ധിസേനയിലേക്ക് എടുത്തിരിക്കുന്നത്. ശബരിമല, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളിലാണ് ഇവരുടെ പ്രവര്‍ത്തനം.
തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് വിശുദ്ധി സേനയിലുള്ളത്. അതിഥികളെന്ന നിലയിലാണ് കേരള സര്‍ക്കാര്‍ വിശുദ്ധിസേനയെ പരിഗണിക്കുന്നതെന്ന് മന്ത്രി കെ. രാജന് പറഞ്ഞു.
ശബരിമല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ മന്ത്രി നിര്‍വഹിച്ചു. ഇവര്‍ക്കുള്ള യൂണിഫോം വിതരണം മന്ത്രി നിര്‍വഹിച്ചു.
സന്നിധാനത്തുള്ള അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മന്ത്രി നടത്തി. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം. ഡ്യൂട്ടി മജിസ്ട്രേട്ടും എക്സിക്യൂട്ടീവ് മജിസ്ട്രേട്ടും ഉള്‍പ്പെടെ 299 പേര് സന്നിധാനത്തും 144 പേര് പമ്പയിലും 160 പേര് നിലയ്ക്കലുമുണ്ടാകും.
ജില്ലാ കളക്ടര്‍ എസ് പ്രേംക്യഷ്ണന്, ശബരിമല എഡിഎം അരുണ്‍. എസ് നായര്‍, അടൂര്‍ ആര്‍ഡിഒ ബി രാധാക്യഷ്ണന്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്. രാജലക്ഷ്മി, റാന്നി-പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനന്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.