പതിനെട്ടാംപടിയിൽ പരിശീലനം ലഭിച്ചവരെ നിയോഗിക്കും
1479155
Friday, November 15, 2024 4:11 AM IST
പന്പ: പതിനെട്ടാംപടി കയറുന്നതിന് ഭക്തരെ സഹായിക്കാൻ പ്രത്യേക പരിശീലനം നേടിയിട്ടുള്ള പോലീസ് സേനാംഗങ്ങളെ മാത്രമേ നിയോഗിക്കൂവെന്ന് ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ പറഞ്ഞു. മിനിറ്റിൽ 80നും 90നും ഇടയിൽ തീർഥാടകരെ പതിനെട്ടാംപടി കയറ്റാനാണ് ലക്ഷ്യമിടുന്നത്. 100 തീർഥാടകരെ വരെ കയറ്റിവിട്ട ദിനങ്ങളുണ്ടെന്നം എസ്പി പറഞ്ഞു.
പതിനെട്ടാംപടിക്കു താഴെ പോലീസിനു പുതിയ പ്ലാറ്റ് ഫോം നിർമിച്ചിട്ടുണ്ട്. നേരത്തേ കയറിൽ പിടിച്ചുകൊണ്ടു നിന്നിരുന്ന സ്ഥാനത്ത് ഇക്കുറി രണ്ട് കൈകളും ഭക്തരെ സഹായിക്കാനായി ഉപയോഗിക്കാം. 20 മിനിറ്റ് കഴിയുന്പോൾ പതിനെട്ടാംപടിയിലെ ഡ്യൂട്ടിയിൽ മാറ്റമുണ്ടാകും. ഇവർക്കായി പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ 1800 പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. സ്പെഷൽ ഓഫീസർമാർ തമ്മിൽ കോ ഓർഡിനേഷനുണ്ടാകും. സന്നിധാനം, പന്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ പോലീസ് ചുമതലയേറ്റു. പാർക്കിംഗ് സംബന്ധമായി വ്യക്തമായ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നീങ്ങുന്നത്.
പന്പയിൽ 800 വാഹനങ്ങൾക്കു മാത്രമാണ് പാർക്കിംഗ്. ഗ്രൗണ്ടുകൾ നിറഞ്ഞുകഴിഞ്ഞാൽ വാഹനങ്ങൾ നിലയ്ക്കലിൽ തന്നെ പാർക്ക് ചെയ്യേണ്ടിവരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. 14432 ആണ് പോലീസ് കൺട്രോൾ റൂം നന്പർ.