ശബരിമലയിൽ ആരോഗ്യവകുപ്പ് സുസജ്ജം: മന്ത്രി
1479154
Friday, November 15, 2024 4:11 AM IST
പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ ക്രമീകരണങ്ങൾ പൂർത്തീകരിച്ചതായി മന്ത്രി വീണാ ജോർജ്.
പന്പയ്ക്കും സന്നിധാനത്തിനുമിടയിൽ അടിയന്തര ഘട്ടങ്ങളിൽ സർവീസ് നടത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ ആംബുലൻസും ഇക്കുറി ഉണ്ടാകും. വനംവകുപ്പ്, ദേവസ്വം ബോർഡ് ആംബുലൻസുകൾക്ക് നിലവിൽ പന്പ-സന്നിധാനം യാത്രയ്ക്ക് അനുമതിയുണ്ട്.
സന്നിധാനം പാതയിലെ എല്ലാ എമർജൻസി സെന്ററുകളും സജ്ജമായി. ഡോക്ടർമാർ അടക്കമുള്ളവരെ നിയോഗിച്ചു. ആയുഷ് വകുപ്പിന്റെ തെറാപ്പിസ്റ്റുകളുടെ സേവനം ഇക്കുറി കൂടുതലായി എമർജൻസി കേന്ദ്രങ്ങളിലുണ്ടാകും.
കൂടുതൽ ഡോക്ടർമാരെ സന്നിധാനം, പന്പ എന്നിവിടങ്ങളിലേക്ക് നിയോഗിച്ചു. സന്നദ്ധ സേവനത്തിനായി 100 ഡോക്ടർമാർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നുണ്ട്. ഇവരെ ബാച്ചുകളായി നിയോഗിച്ചിരിക്കുകയാണ്. 21 ആംബുലൻസുകൾ അധികമായി വിവിധ സ്ഥലങ്ങളിൽ ക്രമീകരിക്കും.
കോന്നി മെഡിക്കൽ കോളജ് ബേസ് ആശുപത്രിയായി നിശ്ചയിച്ചിരിക്കുകയാണ്. കോന്നിയിലേക്ക് കൂടുതൽ ഡോക്ടർമാരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നിയമിച്ചു. ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂം പന്പയിൽ പ്രവർത്തിക്കും. അടിയന്തരഘട്ടങ്ങളിലും രോഗികളുടെ സ്ഥിതി മനസിലാക്കിയുമാണ് ഏത് ആശുപത്രിയിലേക്ക് അയയ്ക്കണമെന്നതു തീരുമാനിക്കുക.
ശസ്ത്രക്രിയ പോലെയുള്ള അടിയന്തര ആവശ്യമുള്ളവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലടക്കം കൂടുതൽ സൗകര്യങ്ങൾ ചെയ്തിട്ടുണ്ട്.
ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേക ക്രമീകരണം ചെയ്തിട്ടുണ്ട്. ഇതിനാവശ്യമായ കിടക്കയും ഡോക്ടർമാരും ഇവിടെയുണ്ടാകും.
പുതിയ കെട്ടിടങ്ങളുടെ നിർമാണം നടക്കുന്നതിനാൽ സ്ഥലപരിമിതിയുള്ളതിനാലാണ് ബേസ് ആശുപത്രിയായി മെഡിക്കൽ കോളജ് നിശ്ചയിച്ചതെന്നും ഇവിടേക്കുള്ള യാത്രയ്ക്കു പ്രശ്നങ്ങളുണ്ടാകില്ലെന്നും വീണാ ജോർജ് വിശദീകരിച്ചു.