വനിതാ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കേസെടുക്കാതെ പോലീസ്
1479152
Friday, November 15, 2024 4:11 AM IST
കോഴഞ്ചേരി: ജില്ലാ ആശുപത്രിയിലെ വനിതാ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥര്ക്കെതിരേ കേസെടുക്കാതെ പോലീസ്. പരാതി ലഭിച്ചിട്ടില്ലെന്നാണ് കാരണമായി പറയുന്നത്.
ജില്ലാ ആശുപത്രിയിൽ നടന്ന സംഭവത്തിൽ തൊഴിലിടത്തിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പേരിൽ ലേ സെക്രട്ടറി അടക്കം മൂന്നുപേർക്കെതിരേയാണ് നടപടി വന്നത്. പരാതിയിൽ നടപടിയെടുത്തില്ലെന്ന പേരിലാണ് ലേ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തത്. ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ രണ്ട് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു.
ഇവർക്കെതിരേ പോലീസ് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ ധര്‍ണയും നടന്നു. ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ്കുമാര്‍ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോമോന് പുതുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ജെറി മാത്യു സാം, ലീബാ ബിജി, അനീഷ് ചക്കുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.