ക്രമീകരണങ്ങൾ വിലയിരുത്തി ഡിജിപി
1479151
Friday, November 15, 2024 4:11 AM IST
പന്പ: ശബരിമല തീർഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താൻ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പമ്പ സന്ദര്‍ശിച്ചു. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും ആദ്യഘട്ടത്തില്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ചനടത്തി. മണ്ഡല, മകരവിളക്കു കാലത്ത് അഞ്ചുഘട്ടങ്ങളിലായി 13,000 പോലീസിനെയാണ് നിയോഗിക്കുന്നത്.
തീര്‍ഥാടനം സുഗമമായി നടത്തുന്നതിനു പോലീസിന്റെ ഭാഗത്തു നിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും സുഗമമായ ദർശനം നടത്തുന്നതിന് ആവശ്യമായ സഹായം നൽകലാണ് പോലീസിന്റെ പ്രാഥമിക ചുമതലയെന്ന് അദ്ദേഹം പറഞ്ഞു. സേവനമായിത്തന്നെ ശബരിമല ഡ്യൂട്ടിയെ കാണണമെന്നും അദ്ദേഹം നിർദേശിച്ചു.
പോക്കറ്റടി, മൊബൈൽ ഫോൺ മോഷണം, ലഹരി പദാർഥങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ തടയുന്നതിനു പ്രത്യേക ശ്രദ്ധ ചെലുത്തണം. പ്രധാനപാതകളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിലും വാഹനം നിർത്തിയിടാൻ അനുവദിക്കരുത്. ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്റര്‍ എഡിജിപി എസ്. ശ്രീജിത്തും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.