ഗുരുശ്രേഷ്ഠ പുരസ്കാരം വർഗീസ് ജോസഫിന്
1479150
Friday, November 15, 2024 4:11 AM IST
മല്ലപ്പള്ളി: ഓൾ ഇന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ നൽകുന്ന ഗുരുശ്രേഷ്ഠ പുരസ്കാരം ചുങ്കപ്പാറ സെന്റ് ജോർജസ് ഹൈസ്കൂൾ പ്രഥമാധ്യാപകൻ വർഗീസ് ജോസഫിന്.
സ്കൂളിന്റെ സമഗ്ര പുരോഗതി, കുട്ടികളുടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ, സ്കൂളിനെ സമൂഹവുമായി ബന്ധിപ്പിക്കുന്ന വിവിധ പരിപാടികൾ, ശാസ്ത്ര സാങ്കേതിക രംഗവുമായി കുട്ടികളെ ബന്ധപ്പെടുത്തൽ, കലാ കായിക രംഗങ്ങളിലും സ്കൗട്ട്സ്, എൻസിസി മേഖലകളിലുമുള്ള പങ്കാളിത്തം, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലുള്ള നേതൃത്വം എന്നിവ പരിഗണിച്ചാണ് അവാർഡ്.
സ്റ്റേറ്റ് റിസോഴ്സ് പേഴ്സണായും ജില്ലാ റിസോഴ്സ് പേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. സ്കൗട്ട് ജില്ലാ ഓർഗനൈസിംഗ് കമ്മീഷണറായി നിരവധി വർഷം പ്രവർത്തിച്ചു. ജില്ലാ പഞ്ചായത്തിന്റെ കീഴിൽ വിവിധ പുസ്തക രചനകളിലും, കുട്ടികൾക്കായുള്ള പ്രവർത്തനങ്ങളിലുംപങ്കാളിയായി.
കാത്തലിക്ക് ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റായും എംസിഎ വൈസ്പ്രസിഡന്റ്, ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചു. റോട്ടറി ക്ലബ് സർവ്വീസ് പ്രോജക്ട് ചെയർമാനായും പ്രവത്തിച്ചു വരുന്നു.
ഭാര്യ: ഷൈല ജോസഫ് (ചെങ്ങരൂർ സെന്റ് ജോർജ് എൽപിഎസ് പ്രഥമാധ്യാപിക). മക്കൾ: ഫെമി എലിസബത്ത് വർഗീസ്, എമി എൽസ വർഗീസ്.