ശബരിമല ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥ പരിശീലനം
1479149
Friday, November 15, 2024 4:11 AM IST
പത്തനംതിട്ട: ശബരിമല തീര്‍ഥാടനം സുഗമമാക്കുന്നതിനും കൃത്യതയാര്‍ന്ന പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക പരിശീലന പരിപാടി നടത്തി. ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടിക്കെത്താന്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തി. ശബരിമല എഡിഎമ്മിനാണ് ഡ്യൂട്ടി ഉദ്യോഗസ്ഥരുടെ നിയന്ത്രണച്ചുമതല. ഡ്യൂട്ടിയിലുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്മാര്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്ക്വാഡുകള്‍ പരിശോധനകളെല്ലാം കൃത്യമായി നിര്‍വഹിക്കണമെന്ന് കളക്ടർ നിർദേശിച്ചു. ഹെല്‍ത്ത് കാര്‍ഡ്, വിലനിയന്ത്രണം ഉള്‍പ്പടെ നിരീക്ഷിച്ച് ഉറപ്പാക്കണം. നിശ്ചയിച്ച വില മാത്രം ഈടാക്കുന്നുവെന്നും വൃത്തിയുണ്ടന്നും വിലവിവരം പ്രദര്‍ശിപ്പിക്കുന്നുവെന്നും ഉറപ്പാക്കണം. ബയോ ടോയ്ലറ്റുകള് കൃത്യതയോടെ സ്ഥാപിക്കണം.
ദേവസ്വം ബോര്‍ഡ് ആവശ്യമായ എല്ലാ അനുമതികളും വാങ്ങി എന്നുറപ്പാക്കണം. പാര്‍ക്കിംഗ് ക്രമീകരണങ്ങളും സാധ്യമാക്കണം. ചുക്കുവെള്ളം വിതരണം തടസമില്ലാതെ നടത്തണം. 10 രൂപയ്ക്ക് കുടിവെള്ളം നല്‍കുന്നതിനും നിര്‍ദേശം നല്കി. പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പരിശോധനകള്‍ നടത്തും.
സന്നിധാനം, പമ്പ, ഔട്ടര്‍ പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ഡ്യൂട്ടി - എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാര്‍, സുപ്രധാന ഉദ്യോഗസ്ഥര്‍, സാനിട്ടേഷന്‍ സൂപര്‍വൈസര്‍മാര്‍, ഇതരജീവനക്കാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. ശബരിമല എഡിഎം ഡോ.അരുണ്‍ എസ്.നായര്‍, പത്തനംതിട്ട എഡിഎം ബി. ജ്യോതി, ആര്‍ഡിഒ രാധാകൃഷ്ണന്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ രാജലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.