ശബരിമല തീർഥാടനകാലത്ത് പ്രദേശവാസികളെ ബുദ്ധിമുട്ടിക്കരുതെന്ന്
1479148
Friday, November 15, 2024 4:11 AM IST
പത്തനംതിട്ട: ശബരിമല തീർഥാടനകാലത്ത് അട്ടത്തോട് മേഖലയിലുള്ള പ്രദേശവാസികളുടെ സാധാരണ ജീവിതത്തിനു തടസമുണ്ടാക്കുന്നതരത്തിൽ ചില ഉദ്യോഗസ്ഥർ പെരുമാറുന്നത് അവസാനിപ്പിക്കണമെന്ന് അഖില ഭാരതീയ ശിവസേന ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അട്ടത്തോട് നിവാസികളുടെ ജീവിതമാർഗംപോലും തടയുകയാണ്. പ്രദേശത്ത് ഓട്ടോറിക്ഷ ഓടിക്കാൻ അനുവാദംനൽകണം. നിലയ്ക്കൽ, പമ്പ, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളിലെ കച്ചവട സ്ഥാപനങ്ങളുടെ 20 ശതമാനം വനവാസി സമൂഹത്തിന് സൗജന്യമായി അനുവദിക്കണം.
പ്രദേശവാസികളിൽ തൊഴിലവസരങ്ങളിൽ 50 ശതമാനം തദ്ദേശീയമായ വനവാസി സമൂഹത്തിന് നൽകണം. പെരുന്നാട് കേന്ദ്രമാക്കി ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളജ് സ്ഥാപിച്ച് അയ്യപ്പൻമാർക്ക് സേവനം സൗജന്യമാക്കണം. നിലയ്ക്കൽ - പമ്പ കെഎസ്ആർടിസി സർവീകളുടെ അമിത നിരക്ക് ഈടാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.
ശബരിലെ വരുമാനത്തിന്റെ 30 ശതമാനം വനവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി വിനിയോഗിക്കണം. മണ്ഡലകാലമെത്തിയിട്ടും ശബരിമലയുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം മന്ദഗതിയിലാണ് ശബരിമലയിൽ കാൽനടയായി എത്തുന്ന അയ്യപ്പ ഭക്തൻമാർക്ക് സ്പോട്ട് ബുക്കിംഗ് അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി ദിലീപ് ഡി. പിള്ള, സംഘടനാ സെക്രട്ടറി ദിലീപ് ചെറുവള്ളി, ജില്ലാ പ്രസിഡന്റ് സുമിത്ത് ചുങ്കപ്പാറ, ജനറൽ സെക്രട്ടറി അജിത്ത് മണ്ണടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.