ഇനി ശരണംവിളിയുടെ നാളുകൾ
1479147
Friday, November 15, 2024 4:11 AM IST
ശബരിമല നട ഇന്നു തുറക്കും
ശബരിമല: ശബരിമല മണ്ഡലകാല തീർഥാടനം ഇന്ന് ആരംഭിക്കും. 41 ദിവസം നീളുന്ന മണ്ഡലകാലവും പിന്നാലെ എത്തുന്ന മകരവിളക്കും ഉൾപ്പെടെ ഇനിയുള്ള രണ്ടുമാസത്തിലധികം തീർഥാടകവഴികളിൽ ഇടതടവില്ലാതെ ശരണംവിളികൾ മുഴങ്ങും. പ്രതിദിനം ആയിരകണക്കിനു തീർഥാടകർ ദർശനത്തിനെത്തുന്ന ശബരിമല യാത്ര സുഗമമാക്കുന്നതിനായി അശ്രാന്ത പരിശ്രമമാണ് വിവിധ സർക്കാർ വകുപ്പുകളും ദേവസ്വം ബോർഡും നടത്തിവരുന്നത്.
സർക്കാരിനു കീഴിലെ ഇരുപതിലധികം വകുപ്പുകളുടെ ഇടപെടൽ തീർഥാടനവുമായി ബന്ധപ്പെട്ടുണ്ട്. ഇതിനൊപ്പം വിവിധ ഏജൻസികളും ഭക്തസംഘടനകളും സജീവമായ ഇടപെടൽ നടത്തുന്നു.
ഇന്നു വൈകുന്നേരം അഞ്ചിനു നട തുറക്കുന്നതിനു പിന്നാലെ തീർഥാടകർ പതിനെട്ടാംപടി കയറിത്തുടങ്ങും. പന്പയിൽ നിന്ന് ഇന്ന് ഉച്ചയോടെ തീർഥാടകർ മല കയറിത്തുടങ്ങും. കെഎസ്ആർടിസി ബസുകൾ പന്പ സ്പെഷൽ സർവീസുകൾ ആരംഭിച്ചു. നിലയ്ക്കൽ - പന്പ റൂട്ടിൽ ചെയിൻ സർവീസുകളും ആരംഭിച്ചു. വാഹനങ്ങളുടെ പാർക്കിംഗ് നിലയ്ക്കലിലാണ്. ചെറു വാഹനങ്ങൾക്ക് ഇക്കുറി പന്പയിൽ പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
പന്പയിൽ വിശ്രമത്തിന് ഏഴ് പന്തലുകൾ
പ്രളയ ശേഷം പന്പയിൽ അയ്യപ്പഭക്തർക്ക് വിശ്രമത്തിനായി വിരിപ്പന്തലുകൾ സജ്ജമായത് ഇക്കൊല്ലമാണ്. വിശ്രമിക്കാൻ ആറ് സ്ഥിരം നടപ്പന്തലുകളും ഒരു ജർമൻ പന്തലുമുണ്ട്. മണൽപ്പരപ്പിന്റെ മുഖം ആകെ മാറി. ത്രിവേണി പാലത്തിലൂടെ പമ്പയിലേക്ക് ഇറങ്ങിയാൽ ആദ്യം ജർമൻ പന്തൽ. മൂവായിരത്തോളം പേർക്ക് ഇവിടെ ഒരേസമയം വിശ്രമിക്കാം. ആധുനിക ടെക്നോളജി ഉപയോഗിച്ചു നിർമിച്ച പന്തലിനുള്ളിലേക്ക് ചൂട് വലിയ തോതിൽ ഇറങ്ങില്ല.
പന്തലിന്റെ തറ ഒരുക്കുന്ന ജോലികൾ പുരോഗമിക്കുന്നു. പഴയ രാമമൂർത്തി മണ്ഡപം ഭാഗത്താണ് പന്തൽ നിർമിച്ചത്. എപ്പോൾ വേണമെങ്കിലും അഴിച്ചു മാറ്റാം. വീണ്ടും സ്ഥാപിക്കാം. നിലയ്ക്കൽ കെഎസ്ആർടിസി സ്റ്റാൻഡിന് മുൻപിലും ജർമൻ പന്തൽ സ്ഥാപിച്ചിട്ടുണ്ട്.
പമ്പ ഗണപതി ക്ഷേത്രത്തിലേക്കുള്ള പാതയിൽ മൂന്ന് പുതിയ നടപ്പന്തലുകളുടെ നിർമാണം പൂർത്തിയായി. നിലവിൽ മൂന്നെണ്ണമുണ്ട്. ഒന്നിൽ നാനൂറിലധികം ആളുകളെ ഉൾക്കൊളളും. മേൽക്കൂര ഓട് പാകി. നടപ്പന്തൽ ഇല്ലാത്ത ഭാഗങ്ങളിൽ പഗോഡ മാതൃകയിൽ കൂര പന്തൽ ഒരുക്കും. മരാമത്ത് വിഭാഗമാണ് പണികൾ നടത്തുന്നത്.
2018ലെ പ്രളയത്തിൽ പമ്പയിലെ രാമമൂർത്തി മണ്ഡപവും കെട്ടിടങ്ങളും ഒലിച്ചുപോയിരുന്നു. ഭക്തർക്ക് ക്യൂ നിൽക്കാനും വിശ്രമി്കാനുമായി മൂന്ന് താത്കാലിക പന്തലുകൾ നിർമിച്ചിരുന്നു.നടപ്പന്തലിൽ നിൽക്കുന്നവർക്ക് ചുക്കുവെള്ളവും ബിസ്കറ്റും വിതരണം ചെയ്യും.
വെർച്വൽ ക്യൂ കൗണ്ടറുകൾ നവീകരിച്ചു
പമ്പയിലെ വെർച്വൽ ക്യൂ കൗണ്ടറുകൾ നവീകരിച്ചു. ഗണപതി ക്ഷേത്രത്തിനു സമീപത്തെ നടപ്പന്തലിലാണ് കൗണ്ടറുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ പരിശോധനയ്ക്ക് ശേഷമാണ് തീർഥാടകരെ കടത്തിവിടുക. അധികനേരം ക്യൂവിൽ നിൽക്കാതെ കടന്നുപോകാം.