ശിശു സൗഹൃദമായി സമൂഹം മാറണം: മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത
1478912
Thursday, November 14, 2024 4:44 AM IST
റാന്നി: ശിശു സൗഹൃദമായി സമൂഹം മാറണമെന്നും എങ്കിൽ മാത്രമേ രാഷ്ട്രത്തിന്റെ ഭാവി ശോഭനമാവുകയുള്ളൂവെന്നും ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത. കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) ചിൽഡ്രൻസ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ കുട്ടിക്കൂട്ടം ശിശുദിന ആഘോഷങ്ങളുടെ കേന്ദ്രതല ഉദ്ഘാടനം റാന്നി എസ് സി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കമ്മീഷൻ ചെയർമാൻ സ്മിജു ജേക്കബ് മറ്റക്കാട്ട് അധ്യക്ഷത വഹിച്ചു. കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് മുഖ്യപ്രഭാഷണവും,റവ. ജോൺസൺ വർഗീസ് ശിശുദിന സന്ദേശവും നൽകി. ഫാ. സോബിൻ സാമുവൽ, ഫാ. അജു പി.ജോൺ,
പ്രിൻസിപ്പൽ തോമസ് ജോർജ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ റ്റിറ്റിൻ തേവരുമുറിയിൽ, ജാൻസി പീറ്റർ, ഭാരവാഹിയായ സാംകുട്ടി പാലക്കാമണ്ണിൽ, അധ്യാപകരായ ഡീനാമ്മ സെബാസ്റ്റ്യൻ, ഷൈനി ടോണി, വിദ്യാർത്ഥി പ്രതിനിധി മെസ്സി ജോൺസൺ എന്നിവർ പ്രസംഗിച്ചു.
ദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഇന്നു കെസിസി നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ റാലികളും സമ്മേളനവും സെമിനാറുകളും കലാപരിപാടികളും നടക്കും.