ശബരി വിമാനത്താവളം: കൊടുമൺ പ്ലാന്റേഷനിലെ സാമൂഹികാഘാത പഠനത്തെ സ്വാഗതം ചെയ്തു
1478903
Thursday, November 14, 2024 4:37 AM IST
കൊടുമൺ: പ്ലാന്റേഷൻ മേഖല കൂടി ശബരി വിമാനത്താവളത്തിനായി സാമൂഹികാഘാത പഠനം നടത്തുന്നതിന് ഹൈക്കോടതിയുടെ അനുകൂല വിധി വന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പത്തനംതിട്ട കൊടുമൺ ശബരി എയർപോർട്ട് കമ്മിറ്റി കൊടുമൺ ജംഗ്ഷനിൽ മൺചിരാത് തെളിച്ചു.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്ലാൻ്റേഷൻ മേഖലയിലെ സർക്കാർ റവന്യു പുറമ്പോക്ക് ഭൂമിയിൽ ശബരി വിമാനത്താവളം വരുമെന്ന പ്രതീക്ഷയിലാണ് പൊതുജനം.
പരിസ്ഥിതി, വന്യ ജീവി, കുടിയൊഴിപ്പിക്കൽ, നിയമപ്രശ്നങ്ങളും നിലനിൽക്കുന്ന ഭൂമിയിൽ സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോകരുതെന്നും അവിടെ മലനിരകൾ ഇടിച്ചു നിരത്തി പദ്ധതി ആരംഭിച്ചാൽ വയനാട് പോലെയുള്ള ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമെന്നും ഇത്തരത്തിലുള്ള യാതൊരു പ്രശ്നങ്ങളുമില്ലാത്ത പ്ലാന്റേഷൻ ഭൂമിയിൽ പദ്ധതി നടപ്പാക്കാൻ സർക്കാർ തയാറാകണമെന്നും ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ യോഗങ്ങൾ നടത്താനും കമ്മിറ്റി തീരുമാനിച്ചു. എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. കെ.ബി. ജഗദീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് ഭാനുദേവ് പദ്ധതി വിശദീകരണം നടത്തി.