പത്തനംതിട്ട ഉപജില്ലാ സ്കൂൾ കലോത്സവം 16 മുതൽ
1478902
Thursday, November 14, 2024 4:37 AM IST
പത്തനംതിട്ട: പത്തനംതിട്ട ഉപജില്ല സ്കൂൾകലോത്സവം 16, 18 ,19, 20 തീയതികളിൽ പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 16 ന് രചനാ മത്സരങ്ങൾ നടക്കും. കലോത്സവത്തിന്റെ വിളംബരജാഥ നാളെ രാവിലെ പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡിൽനിന്നും മാർത്തോമ്മ സ്കൂളിലേക്കു നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പത്തനംതിട്ട മാർത്തോമ്മ എച്ച്എസ്എസിലും റോയൽ ഓഡിറ്റോറിയത്തിലുമായാണ് 18 മുതലുള്ള മത്സരവേദികൾ.
കലോത്സവത്തിന്റെ ഉദ്ഘാടനം 18 ന് രാവിലെ 9.30 ന് ആന്റോ ആന്റണി എംപി നിർവഹിക്കും. നഗരസഭ ചെയർമാൻ ടി. സക്കീർഹുസൈൻ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എസ്. പ്രേംക്യഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ചലചിത്രതാരം ചൈതന്യ പ്രകാശ് കലാമത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ആറു വേദികളിലായി 3000 ത്തോളം മൽസാരാർഥികൾ പങ്കെടുക്കും. 300 ഓളം ഇനങ്ങളിൽ മൽസരങ്ങൾ നടക്കും. ഗോത്രവർഗ കലാരൂപങ്ങളുൾപ്പെടുത്തിയിട്ടുള്ള അഞ്ച് ഇനങ്ങളും ഇക്കുറി പ്രത്യേക മത്സരങ്ങളായി ഉണ്ടാകും.
സമാപന സമ്മേളനം 20ന് വൈകുന്നേരം 6. 30ന് നടക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ സമ്മാനദാനം നിർവഹിക്കും. ഗവി എൽപി സ്കൂളിലെ കുട്ടികൾക്ക് മൽസരങ്ങളിൽ പങ്കെടുക്കുന്നതിനും നാലു ദിവസം പത്തനംതിട്ടയിൽ താമസിച്ച് കലോൽസവം കാണുന്നതിനും ഇത്തവണ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് എഇഒ ടി.എസ്. സന്തോഷ് കുമാർ പറഞ്ഞു.
പബ്ലിസിറ്റി കൺവീനർ റെജി ചാക്കോ, അരുൺകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.