ശബരിമല തീർഥാടനകാലം പടിവാതിൽക്കൽ; തിരക്കിട്ട ജോലികളുമായി പൊതുമരാമത്ത് വകുപ്പ്
1478901
Thursday, November 14, 2024 4:37 AM IST
പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ തിരക്കിട്ട ജോലികളുമായി പൊതുമരാമത്ത് വകുപ്പ്. മാസങ്ങൾക്കു മുന്‍പ് ടെൻഡർ നൽകിയ പണികളാണ് കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ ആരംഭിച്ചിട്ടുള്ളത്. പത്തനംതിട്ട നഗരത്തിലും ടികെ റോഡിലും രാപകലില്ലാതെ പണികൾ നടന്നുവരികയാണ്. പ്രധാന റോഡുകളടക്കം ഇന്നും നാളെയും അടച്ചിട്ടാണ് പണികൾ ക്രമീകരിച്ചിരിക്കുന്നത്.
റോഡുകള്‍ മുഴുവന്‍ വെട്ടിക്കുഴിച്ചുള്ള ജോലികളാണ് നടക്കുന്നത്. ഇന്നു മുതല്‍ പമ്പയിലേക്കുള്ള സ്പെഷല്‍ സര്‍വീസുകള്‍ അടക്കം തുടങ്ങാനിരിക്കവേയാണ് റോഡുകളില്‍ പണികള്‍ ആരംഭിച്ചിരിക്കുന്നത്. ഇത് തീര്ഥാടകരടക്കമുള്ളവരുടെ യാത്രാദുരിതത്തിനു കാരണമായിരിക്കുകയാണ്.
സ്റ്റേഡിയം ജംഗ്ഷന് മുതല്‍ സെന്‍ട്രല്‍ ജംഗ്ഷനിലേക്കുള്ള പ്രധാന പാതയാണ് കുത്തിപ്പൊളിക്കുന്നത്. കെഎസ്ആര്‍ടിസി ജംഗ്ഷനിലും റോഡ് ഉയര്‍ത്തല്‍ ജോലികളും നടന്നുവരികയാണ്. മേലെവെട്ടിപ്രം, മൈലപ്ര റോഡിലും പണികള്‍ തുടങ്ങിയത് ചൊവ്വാഴ്ചയാണ്.
കോളജ് റോഡില്‍ പൈപ്പ്ലൈന് ഇടാന്‍ ആഴത്തില്‍ കുഴി എടുത്തിരുന്നു മാസങ്ങളോളം ഗതാഗത തടസ്സം സൃഷ്ടിച്ച് കിടന്നകുഴി പിന്നീട് നികത്തി ടാര്‍ ചെയ്തു .കാര്യമായ പണി നടത്താതിരുന്നത് മൂലം റോഡ് താഴേക്ക് ഇരുത്തിയിരുന്നു ഇവിടെ ടാര്‍ ഇളക്കി മെറ്റിലിട്ട് ഉറപ്പിച്ച് വീണ്ടും ടാര്‍ ചെയ്യുന്ന പണിയാണ് മണ്ഡലകാലം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ആരംഭിച്ചിരിക്കുന്നത്.
അതേ റോഡില്‍ മലബാര്‍ ഗോള്‍ഡിനു മുന്നില്‍ കലുങ്ക് നിര്‍മാണത്തിന് വലിയ കുഴി എടുത്തിട്ട് മാസങ്ങളാകുന്നു അബാന്മേല്പാലവും അപ്രോച്ച് റോഡും പണി തീരാതെ കിടക്കുന്നതു മൂലം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് നടന്നോ ചെറുവാഹനങ്ങളിലോ പോകാന്‍ കഴിയാത്ത അവസ്ഥയാണ്.
ശബരിമല വർക്കുകൾ ഇല്ല
ശബരിമലയുടെ പേരിൽ ഇക്കുറി പൊതുമരാമത്ത് വകുപ്പ് ഒരു ജോലി പോലും ടെൻഡർ ചെയ്തിരുന്നില്ല. പ്രധാന റോഡുകൾ പലതും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതും സുരക്ഷാ ഭീഷണി നിലനിൽക്കുന്നതും കണക്കിലെടുത്ത് മുന്‍പു നൽകിയ ടെൻഡറുകൾ പൊടി തട്ടിയെടുത്ത് കരാറുകാരെ ഭീഷണിപ്പെടുത്തി പണി ചെയ്യിപ്പിക്കുകയാണെന്ന് പറയുന്നു. ടികെ റോഡിൽ കുഴി അടയ്ക്കൽ ജോലി നടന്നു. പത്തനംതിട്ട ജനറൽ ആശുപത്രിപടിക്കലെ വലിയ കുഴികൾ ഒരു രാത്രി കൊണ്ട് മെറ്റലിട്ടു മൂടി. ടികെ റോഡിലും കൈപ്പട്ടൂർ റോഡിലും കുഴി അടയ്ക്കൽ ജോലികൾ നടത്തി.
മണ്ണാറക്കുളഞ്ഞി - ചാലക്കയം പ്രധാന പാതയിൽ പൂട്ടുകട്ട പാകുന്നതടക്കമുള്ള ജോലികളും നടന്നുവരികയാണ്. മുൻകാലങ്ങളിൽ ശബരിമലയുമായി ബന്ധപ്പെട്ട റോഡുകൾക്ക് പ്രത്യേക ഫണ്ട് വകയിരുത്തി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇത്തവണ അതുണ്ടായില്ല. ഇതോടെ അനുബന്ധ റോഡുകൾ പലതും തകർച്ചയുടെ വക്കിലാണ്. ചെങ്ങന്നൂർ - ആറന്മുള റോഡിലും ടികെ റോഡിൽ തിരുവല്ല മുതൽ കോഴഞ്ചേരി വരെയുള്ള ഭാഗത്തും വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
റാന്നി ഭാഗത്തും ശബരിമലയുമായി ബന്ധപ്പെട്ട റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. സംരക്ഷണഭിത്തി ഇടിഞ്ഞതടക്കമുള്ള ജോലികൾ ബാക്കിയാണ്. പ്രധാന റോഡുകളിൽ കാടുവെട്ട് ജോലികൾ പോലും നടത്തിയിട്ടില്ല. മുന്നറിയിപ്പ് ബോർഡുകളും പലയിടങ്ങളിലും സ്ഥാപിച്ചിട്ടില്ല.