നഗരം ഇരുട്ടിൽ; കൗൺസിൽ യോഗത്തിൽ വാഗ്വാദം
1478634
Wednesday, November 13, 2024 4:30 AM IST
പത്തനംതിട്ട : ശബരിമല തീർഥാടനം പടിവാതിൽക്കലെത്തി നിൽക്കേ പത്തനംതിട്ട നഗരത്തിലെ തെരുവുവിളക്കുകൾ അടക്കം പ്രകാശിപ്പിക്കാൻ നടപടികളുണ്ടാകാത്തതിനെതിരേ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം.
തെരുവ് വിളക്കുകൾ കത്തിക്കുവാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ഉന്നയിച്ചു നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജാസിംകുട്ടിയാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ജില്ലയുടെ പിതാവ് കെ.കെ.നായരുടെ പ്രതിമ അടിയന്തരമായി പുന:സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലേലത്തിൽ എടുക്കാതെ പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ സ്വകാര്യവ്യക്തി മാസങ്ങളായി കൈവശംവച്ചിരിക്കുകയാണെന്നും നഗരസഭക്ക് വലിയ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും യുഡിഎഫ് അംഗങ്ങൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തർക്കവും വാഗ്വാദവും ഉണ്ടായി.
വിഷയത്തിൽ സമഗ്ര അന്വേഷണം നടത്താമെന്നും ഉത്തരവാദപ്പെട്ടവർക്കെതിരേകർശന നടപടി സ്വീകരിക്കാമെന്നും നഗരസഭ സെക്രട്ടറി സുധീർ രാജ് ഉറപ്പ് നൽകിയതിനു ശേഷമാണ് ബഹളം അവസാനിച്ചത്. വൈസ് ചെയർപേഴ്സൺ ആമിന ഹൈദ്രാലി അധ്യക്ഷത വഹിച്ചു.