ജില്ലാ ആശുപത്രിയിലെ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ
1478627
Wednesday, November 13, 2024 4:30 AM IST
കോഴഞ്ചേരി: പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ വനിതാ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ലേ സെക്രട്ടറി അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ. വനിതാ ഉദ്യോഗസ്ഥ ഇന്റേണൽ കമ്മിറ്റി പരിഗണിച്ച പരാതിയിലാണ് നടപടി.
ലേ സെക്രട്ടറി കെ. ഗീത, ജൂണിയർ സൂപ്രണ്ട് എം.ബി. ബിജു, ക്ലർക്ക് ജിജി ശ്രീധർ എന്നിവരെയാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി സസ്പെൻഡ് ചെയ്തത്. ആശുപത്രിയിലെ വനിതാ ഉദ്യോഗസ്ഥയോട് ജൂണിയർ സൂപ്രണ്ടും ക്ലർക്കും അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്ന പരാതിയിൽ നടപടി വൈകിച്ചതിനാണ് ലേ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തത്. ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ച് മറ്റു രണ്ടുപേർക്കെതിരേയും നടപടി സ്വീകരിക്കുകയായിരുന്നു.
ജോലിസ്ഥലത്തെ ലൈംഗികാതിക്രമം എന്ന വകുപ്പിൽ ഉൾപ്പെടുത്തി ഇന്റേണൽ കമ്മിറ്റി മുന്പാകെ പരാതി ലഭിച്ചിരുന്നതും ഇതിൻമേൽ തുടർ നടപടി സ്വീകരിക്കാതിരുന്നതും ലേ സെക്രട്ടറിയുടെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയായി ഉത്തരവിൽ പരാമർശമുണ്ട്.
ഇതു സംബന്ധമായ അന്വേഷണങ്ങളോടു ലേ സെക്രട്ടറി നിസഹകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ജൂണിയർ സൂപ്രണ്ടിനും ക്ലർക്കിനും എതിരേ ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയ കമ്മിറ്റി ഇതിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തിയിരുന്നു.