ട്രാക്കിൽ തിളങ്ങാതെ പത്തനംതിട്ട : സംസ്ഥാന കായികമേളയിൽ വീണ്ടും പിന്നിൽ
1478625
Wednesday, November 13, 2024 4:30 AM IST
പത്തനംതിട്ട: സംസ്ഥാന സ്കൂൾ കായികമേളയിൽ പതിനാലാം സ്ഥാനത്തു വീണ്ടും പത്തനംതിട്ട. അത് ലറ്റിക്സിൽ മൂന്ന് മെഡലുകൾ കൊണ്ട് ജില്ല തൃപ്തിയടഞ്ഞു. നല്ലനിലയിൽ ജില്ലാതല മത്സരം നടത്തി എറണാകുളത്തേക്കു പോയെങ്കിലും ട്രാക്കിൽ തിളങ്ങാൻ ജില്ലയുടെ കുട്ടികൾക്കായില്ല.
കുറിയന്നൂർ മാർത്തോമ്മ ഹൈസ്കൂളിലെ അമൽ മനോജ് ജൂണിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ വെള്ളി നേടി. സബ് ജൂണിയർ ഷോട്ട്പുട്ടിൽ ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ്എസിലെ സൗരവ്കുമാർ പാഠ്യയും സീനിയർ പെൺകുട്ടികളുടെ ഓട്ടമത്സരത്തിൽ അടൂർ സെന്റ് മേരീസ് ഹൈസ്കൂളിലെ എച്ച്. അമാനികയും വെങ്കല മെഡലുകളും നേടി. ജില്ലയുടെ അഭിമാനം കാത്തത് ഈ താരങ്ങൾ മാത്രമാണ്. സൗരവ് കുമാർ പാഠ്യ ഒഡീഷ സ്വദേശിയാണ്.
ഫൈനലിലെത്തിയ നിരവധി കുട്ടികൾ നിർഭാഗ്യവശാൽ മെഡൽ നേടാതെ പിന്തള്ളപ്പെട്ടു. ഇരവിപേരൂർ സ്കൂളിലെതന്നെ മെഡൽ പ്രതീക്ഷയോടെ കളത്തിലിറങ്ങിയ പലരും അവസാന റൗണ്ടിൽ പിന്തള്ളപ്പെട്ടു.
സീനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ മികവ് കാട്ടിയിരുന്ന ഏഞ്ചലിൻ ആൻ ടോമിന് ഫൈനലിൽ തിളങ്ങാനായില്ല. നടത്ത മത്സരത്തിലും പ്രതീക്ഷിച്ച മെഡൽ നഷ്ടമായി.
പത്തനംതിട്ടയുടെ താരങ്ങൾ സംസ്ഥാനത്തെ മറ്റു ജില്ലകളെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയിരുന്നു. ജിവി രാജ സ്പോർട്സ് സ്കൂളിനെ പ്രതിനിധീകരിച്ചെത്തി ബോക്സിംഗ് 52 - 54 കിലോ വിഭാഗത്തിൽ സ്വർണം നേടിയ മരിയ ഗോഗോയ് പത്തനംതിട്ട ജില്ലക്കാരിയാണ്.
നെറ്റ് ബോളിൽ നേട്ടം
ഗെയിംസിൽ നെറ്റ് ബോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണവും ആൺകുട്ടികൾ വെങ്കലവും നേടി. ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂളിലെ കുട്ടികളാണ് നെറ്റ്ബോളിൽ ജില്ലയെ പ്രതിനിധീകരിച്ചിരുന്നവരിൽ ഏറെയും.
ജില്ലയുടെ കായിക ചരിത്രത്തിൽ സ്കൂൾ കായികമേളയിൽ 2017 മുതൽ മുന്നേറ്റത്തിനു ശ്രമമുണ്ടായതാണ്. സംസ്ഥാനതലത്തിൽ ഒന്പതാം സ്ഥാനത്തുവരെ ജില്ല എത്തിയിരുന്നു. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ വീണ്ടും പിന്നിലേക്കു പോയി.