സേവനം നല്കുന്നതില് വീഴ്ച: ഇന്‍ഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരം നല്കാന് ഉത്തരവ്
1478617
Wednesday, November 13, 2024 4:16 AM IST
പത്തനംതിട്ട: സേവനം നല്കുന്നതില് വീഴ്ച വരുത്തിയ ഇന്‍ഷ്വറന്‍സ് കമ്പനി 52,310 രൂപ നഷ്ടപരിഹാരം നല്കാന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവിട്ടു. പത്തനംതിട്ട നന്നുവക്കാട് ജീസസ് നഗര്‍ മേലേക്കൂറ്റ് പി.കെ. ജേക്കബ് നല്കിയ ഹര്‍ജി അനുവദിച്ചുകൊണ്ട് ടാറ്റാ എഐജി ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി മാനേജര്‍ക്ക് എതിരേയാണ് ഉത്തരവ്.
ജേക്കബിന്റെ ഭാര്യ മിനി മരണമടഞ്ഞതിനെത്തുടര്‍ന്ന് കമ്പനി നല്കിയ നഷ്ടപരിഹാരത്തുകയില്‍നിന്ന് ഒരു തവണത്തെ പ്രീമിയം തുകയായ 44,851 രൂപ കുറവു ചെയ്തെന്നു കാട്ടിയാണ് ജേക്കബ് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിച്ചത്. 2020 ഡിസംബര്‍ 14നു രാവിലെ 6.30നാണ് മിനി മരിച്ചത്.
അതേ ദിവസംതന്നെയായിരുന്നു ഇന്‍ഷ്വറന്‍സ് പോളിസി പുതുക്കേണ്ട കാലാവധി തുടങ്ങിയതും. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് കമ്പനി നഷ്ടപരിഹാരത്തുകയില്‍ നിന്ന് പണം കുറവു ചെയ്തതെന്ന് അഭിഭാഷകന് വാദിച്ചു.
ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട വ്യക്തി മരിച്ചാല്‍ പോളിസിത്തുകയുടെ പത്തിരട്ടിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. അതിന്‍പ്രകാരം 4,48,510 രൂപ ലഭിക്കണമെന്നായിരുന്നു പി.കെ.ജേക്കബിന്റെ വാദം. യഥാര്‍ഥ പോളിസി പ്രീമിയം 43,280 രൂപയാണെന്നും 1080 രൂപ ജിഎസ്ടി ഒഴിവാക്കി 3,88,490 രൂപ നഷ്ടപരിഹാരം നല്‍കിയെന്നും കമ്പനി അവകാശപ്പെട്ടു.
എന്നാല്‍, പോളിസി ഉടമ മരിച്ചതിന്റെ പേരില്‍ നഷ്ടപരിഹാരത്തുകയില്‍നിന്ന് ഒരു തവണത്തെ പ്രീമിയം ഈടാക്കാന്‍ സാധിക്കില്ലെന്ന് കമ്മീഷന് നിരീക്ഷിച്ചു. പോളിസി അടയ്ക്കാന്‍ 30 ദിവസത്തെ ഗ്രേസ് പീരീഡ് ഉണ്ട്. ഇന്‍ഷ്വര്‍ ചെയ്യപ്പെട്ടയാള്‍ ജീവിച്ചിരുന്നെങ്കില്‍ ആ സമയത്ത് പ്രീമിയം അടയ്ക്കുമായിരുന്നു. ആ നിലയ്ക്ക് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ പ്രവൃത്തിക്ക് യാതൊരു നീതീകരണവുമില്ലെന്ന് കമ്മീഷന് ഉത്തരവിൽ പറയുന്നു.
ഒരു തവണത്തെ പ്രീമിയം തുകയായ 44310 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും കോടതിച്ചെലവിനത്തില്‍ 3000 രൂപയും ചേര്‍ത്ത് 52310 രൂപ 30 ദിവസത്തിനകം ഹര്‍ജിക്കാരനായ പി.കെ. ജേക്കബിന് നല്കാന് കമ്മീഷന് പ്രസിഡന്റ് ജോര്‍ജ് ബേബി, അംഗം നിഷാദ് തങ്കപ്പന് എന്നിവര്‍ ഉത്തരവിട്ടു.
വാദിക്കാരനുവേണ്ടി അഭിഭാഷകരായ വി.ഒ. റോബിൻസൺ, ഗ്രീനി ടി. വർഗീസ്, നവീൻ എൻ. റോബിൻസൺ എന്നിവർ ഹാജരായി.