നടുറോഡിലെ ജന്മദിനാഘോഷം: അറസ്റ്റിലായ ആളെ തള്ളി സിപിഎം
1478578
Tuesday, November 12, 2024 8:00 AM IST
പത്തനംതിട്ട: പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ ഗതാഗതം തടസപ്പെടുത്തി നടുറോഡില്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച സംഘത്തെ തള്ളി സിപിഎം. ശനിയാഴ്ച രാത്രി നടന്ന പിറന്നാള്‍ ആഘോഷത്തില്‍ ഞായറാഴ്ചയാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. രാത്രിയോടെ ഒരാളെ അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 20 പേർക്കെതിരേ കേസെടുത്തിട്ടുണ്ട്.
പത്തനംതിട്ട വെട്ടിപ്പുറം പുവന്‍പാറ ഓലിക്കല്‍ ഷിയാസാണ് അറസ്റ്റിലായത്. ഇയാളുടെ ജന്മദിനാഘോഷമാണ് സുഹൃത്തുക്കളുടെ സംഘം പൊതുവഴി തടഞ്ഞുകൊണ്ട് നടത്തിയത്. എസ്ഐ ജിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. അജിന്, ശ്യാം തുടങ്ങിവരാണ് കേസിലെ മറ്റു പ്രധാന പ്രതികളെന്നു പോലീസ് പറയുന്നു.
ശനിയാഴ്ച രാത്രി ഒമ്പതു മുതല്‍ ഒരു മണിക്കൂര്‍ നീണ്ട പരിപാടി നഗരത്തില്‍ ഗതാഗതം തടസപ്പെടുത്തി. ഇരുപതോളം കാറുകളുമായി അമ്പതിലധികം യുവാക്കള്‍ ആഘോഷത്തില്‍ പങ്കെടുത്തു. കമ്മട്ടിപ്പാടം എന്ന ക്ലബ്ബിന്റെ പേരിലാണ് ഷിയാസിന്റെ ജന്മദിനാഘോഷം ടൗണ്‍ റോഡില്‍ നടത്തിയത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ക്ലബ്ബാണ് ഇതെന്നു പറയുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വവും സിപിഎം നേതാക്കളും വിശദീകരിച്ചു. അറസ്റ്റിലായ ഷിയാസിന് പാർട്ടിയുമായി ബന്ധമില്ലെന്നും ഇയാൾക്കെതിരേ നേരത്തേയും കേസുകളുള്ളയാളാണെന്നുമാണ് വിശദീകരണം.
ജനറല്‍ ആശുപത്രി, പത്തനംതിട്ട നഗരം, തിരുവല്ല, സ്റ്റേഡിയം റോഡ്, വെട്ടിപ്രം എന്നിവിടങ്ങളിലേക്കുള്ള പോകുന്ന നഗരത്തിലെ പ്രധാന ജംഗ്ഷനിലാണ് വഴി തടഞ്ഞ് ആഘോഷം അരങ്ങേറിയത്. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് പോലീസും അന്വേഷണം തുടങ്ങിയതെന്നു പറയുന്നു. ഒരുമണിക്കൂറോളം സംഘം റോഡില്‍ ഉണ്ടായിട്ടും ടൗണിലെ പട്രോളിംഗ് സംഘം ഇതു കണ്ടില്ലെന്നു നടിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. ഒരു മണിക്കൂര്‍ ആഘോഷമെന്നതു പോലീസ് തന്നെ തിരുത്തിയിട്ടുണ്ട്.
ജില്ലയില്‍ മൂന്നാം തവണയാണ് പൊതുനിരത്തില്‍ പിറന്നാള്‍ ആഘോഷം നടക്കുന്നത്. കാപ്പാ കേസ് പ്രതിയായ ഡിവൈഎഫഐ നേതാവ് മലയാലപ്പുഴയില്‍ നടുറോഡില്‍ പിറന്നാള്‍ ആഘോഷിച്ചത് വിവാദമായിരുന്നു. കാപ്പ എന്നെഴുതിയ കേക്കാണ് അന്ന് മുറിച്ചത്. ഇലവുംതിട്ടയില്‍ മദ്യലഹരിയിലെത്തിയ സംഘവും പറക്കോട്ട് എക്സൈസ് ഓഫീസിന് സമീപം ലഹരി മാഫി സംഘവും നടുറോഡില്‍ പിറന്നാള്‍ ആഘോഷിച്ചു വിവാദമായിരുന്നു. പത്തനംതിട്ട നഗരത്തില്‍ വഴിതടഞ്ഞു പിറന്നാള്‍ ആഘോഷിച്ചവര്‍ക്ക് സിപിഎം, ഡിവൈഎഫഐ ബന്ധമില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി എം.വി. സഞ്ജു പറഞ്ഞു. സംഘത്തില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും.