ശബരിമല തീര്‍ഥാടനം: റാന്നിയിലെ മുന്നൊരുക്കങ്ങള്‍ അഞ്ചിനകം പൂര്‍ത്തിയാക്കും
1465655
Friday, November 1, 2024 7:01 AM IST
റാന്നി: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങള്‍ നവംബര്‍ അഞ്ചിനകം പൂര്‍ത്തീകരിക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍ദേശം നല്കി. വടശേരിക്കര, റാന്നി പഞ്ചായത്തുകളില്‍ ചേര്‍ന്ന ശബരിമല അവലോകന യോഗത്തിലാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്.
പൊതുമരാമത്ത് റോഡുകളുടെ വശങ്ങളിലെ കാടു വെട്ടി അപകടസൂചനാ ബോര്‍ഡുകള്‍ വയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. മണ്ണാറക്കുളഞ്ഞി - ചാലക്കയം പാതയില്‍ അപകടസൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്കി. കൂടാതെ വടശേരിക്കര ജംഗ്ഷനിലും പരിസരത്തും ഉണ്ടാകുന്ന ട്രാഫിക് തടസങ്ങള്‍ പരിഹരിക്കുന്നതിനും കാല്‍നട യാത്രക്കാര്‍ക്ക് സീബ്രാ ലൈനുകള്‍ വരയ്ക്കുന്നതിനും ദേശീയപാത അഥോറിറ്റിയോട് നിര്‍ദേശിച്ചു. വലിയ പാലത്തിന് ഇരുവശത്തും റെയിലുകള്‍ സ്ഥാപിച്ച് അപകടം ഒഴിവാക്കാനും നിര്‍ദേശം നല്കി.
പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം പൊതുമരാമത്ത് റോഡിന്റെ വശത്ത് അപകടകരമായി ഇട്ടിരിക്കുന്ന മരങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യണം. പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ഡിടിപിസി കെട്ടിടത്തിന് സമീപം സ്ഥാപിച്ച ടോയ്ലറ്റ് ബ്ലോക്കിന് കൈവരികള്‍ അടിയന്തരമായി സ്ഥാപിക്കുന്നതിനും ശുചിമുറികളുടെ പൈപ്പുകളുടെ ചോര്‍ച്ച ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചു. റാന്നി താലൂക്ക് ആശുപത്രിയില്‍ അയ്യപ്പഭക്തര്‍ക്കായി 10 കിടക്കകള്‍ പ്രത്യേകം ഒരുക്കിയിട്ടുള്ളത് ആശുപത്രി അധികൃതര്‍ അറിയിച്ചു. മരുന്ന് ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ശബരിമല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വടശേരിക്കര പഞ്ചായത്തില്‍ 34 താത്കാലിക ശുചീകരണ പ്രവര്‍ത്തകരെയാണ് എടുത്തിരിക്കുന്നത് കടവുകളില്‍ നിയോഗിക്കുന്ന ലൈഫ് ഗാര്‍ഡുകള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. പ്രധാന ടൗണുകളില്‍ ശബരിമല സീസണ് കാലത്ത് ഏതെങ്കിലും ഒരു മെഡിക്കല്‍ സ്റ്റോര്‍ രാത്രികാലങ്ങളില്‍ മുഴുവന്‍ തുറന്നുവയ്ക്കാന്‍ നിരദ്ദേശം നല്കി. കൂടാതെ ഏതെങ്കിലും ഒരു പെട്രോള്‍ പമ്പും ഇത്തരത്തില്‍ തുറന്നു വയ്ക്കും. മാലിന്യ സംസ്കരണത്തിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.തിരുവാഭരണ പാതയിലും അനുബന്ധ പാതകളിലും അപകടകരമായി നിന്നിരുന്ന മരങ്ങള്‍ മുറിച്ചുമാറ്റി അപകടം ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ ലതാ മോഹന്‍ കെ ആര് പ്രകാശ്, സബ് കളക്ടര്‍ സുമിത്ത് കുമാര്‍ ഠാക്കൂര്‍ , പഞ്ചായത്ത് സെക്രട്ടറിമാരായ ജി. സുധാകുമാരി, പി. ബി. സജി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു.