പ്രധാനധ്യാപകർക്ക് ജോലിഭാരമില്ലെന്ന് സ്ഥാപിക്കാൻ നീക്കം
1461340
Wednesday, October 16, 2024 3:09 AM IST
പത്തനംതിട്ട: സ്കൂൾ പ്രധാനധ്യാപകർക്ക് ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജോലി ഭാരം കുറയ്ക്കാനല്ല, ജോലിഭാരമില്ലെന്ന് സമർഥിക്കാനാണ് ഉത്തരവിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ. ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ സർക്കാറിന് ഇക്കാര്യം ബോധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിരീക്ഷസമിതികളുടെ രൂപീകരണം.
ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് പ്രധാനധ്യാപകരിൽനിന്നു മാറ്റി തദ്ദേശ സ്ഥാപനങ്ങളെയോ മറ്റ് ഏജൻസികളെയോ ഏല്പിക്കണമെന്നാണ് പ്രഥമാധ്യാപക സംഘടനകളുടെ ആവശ്യം.
പിടിഎ പ്രസിഡന്റും വാർഡ് മെംബറുമല്ല സാധനങ്ങൾ വാങ്ങുന്നതും പണം നൽകുന്നതും. പ്രധാനധ്യാപകൻതന്നെയാണ് ഈ ജോലി ചെയ്യുന്നത്.
പ്രധാനധ്യാപകനെ സഹായിക്കാൻ രണ്ട് അധ്യാപകരെ നിയമിക്കാമെന്ന നിർദേശവും പ്രായോഗികമല്ല. അധ്യാപകർക്ക് ഉച്ചഭക്ഷണചുമതല നൽകുന്നത് സ്കൂളിന്റെ അക്കാദമിക നിലവാരത്തെ ബാധിക്കുമെന്ന് സംഘടനകൾ നേരത്തേ പറയുന്നതാണ്. രണ്ട് അധ്യാപകർ കൂടി മാറി നിന്നാൽ പഠനം പാതിവഴിയിലാവും. തന്നെയുമല്ല പല പ്രൈമറി സ്കൂളുകളിലും പ്രഥമാധ്യാപകർ മാത്രമാണുള്ളത്.
ഫണ്ട് മുൻകൂറായി നൽകുമെന്ന രീതിയിലാണ് ഉത്തരവിൽ പറയുന്നത്. ഇും ശരിയല്ല. ലഭ്യമായ ഏത് ഫണ്ടും ഉപയോഗിക്കാമെന്ന് നിർദേശിക്കുമ്പോൾ ഏത് ഫണ്ടാണ് സ്കൂളിലുള്ളതെന്നതു കൂടി വ്യക്തമാക്കണമെന്നും അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.ടി.കെ. ഇസ്മയിൽ, പ്രസിഡന്റ് ബിജു തോമസ് എന്നിവർ പറഞ്ഞു.