കെഎസ്ആര്‍ടിസി പത്തനംതിട്ട ഡിപ്പോയുടെ പ്രശ്നങ്ങൾക്കു പരിഹാരം
1461339
Wednesday, October 16, 2024 3:09 AM IST
പത്തനംതിട്ട: കെഎസ്ആര്‍ടിസി ഡിപ്പോയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലേക്ക് മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാറിന്റെയും വീണാ ജോർജിന്റെയും നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. പത്തനംതിട്ട ഡിപ്പോയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് മന്ത്രി വീണാ ജോര്‍ജിന്റെ ആവശ്യപ്രകാരമാണ് നിയമസഭയില്‍ മന്ത്രിയുടെ ചേംബറില്‍ അടിയന്തരയോഗം വിളിച്ചുചേര്‍ത്തത്.
കഴിഞ്ഞയിടെ പത്തനംതിട്ടയിലെത്തിയ മന്ത്രി ഗണേഷ് കുമാറിന് ഡിപ്പോയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഡിടിഒ തോമസ് മാത്യു നിവേദനം നൽകിയിരുന്നു. കെഎസ്ആർടിസി ടെർമിനലിലെ കടമുറികൾ വാടകയ്ക്കു നൽകുന്നതു സംബന്ധിച്ച വിഷയവും ചർച്ചയ്ക്കെത്തി. ഇക്കാര്യങ്ങളിൽ അടിയന്തര തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കുകയും ചെയ്തതാണ്.
ഡിപ്പോയിലെ ജീവനക്കാരുടെ കുറവിന് അടിയന്തര പരിഹാരമുണ്ടാകും. പത്തനംതിട്ട യൂണിറ്റില്‍ ഡ്രൈവര്‍, മെക്കാനിക്, സൂപ്രണ്ട് തുടങ്ങി കുറവുള്ള വിഭാഗം ജീവനക്കാരെ നിയോഗിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അധിക ഡ്രൈവര്‍മാരെ നിയോഗിക്കുന്നതിന് ഗതാഗതവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോയന്പത്തൂരിലേക്ക് പ്രീമിയം സൂപ്പർഫാസ്റ്റ്
പത്തനംതിട്ട - കോയമ്പത്തൂര്‍ റൂട്ടിൽ നിലവിലെ ലോഫ്ളോർ എസി ബസിനു പകരം പുതുതായി നിരത്തിലിറക്കിയ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് എസി ബസുകൾ ഓടിക്കാൻ തീരുമാനമായി.
പത്തനംതിട്ട - മംഗലാപുരം സൂപ്പര്‍ ഡീലക്സ് സർവീസ് മൂകാംബികയിലേക്ക് ദീര്‍ഘിപ്പിക്കുന്നതു യോഗത്തില്‍ ചര്‍ച്ച ചെയ്തു. മുണ്ടക്കയം - പുനലൂര്‍ റൂട്ടില്‍ മിനിബസുകള് ലഭിക്കുന്ന മുറയ്ക്ക് സർവീസുകൾ ആരംഭിക്കുന്നത് ലാഭകരമാകുമെന്ന് യോഗം വിലയിരുത്തി.
പത്തനംതിട്ട - അങ്ങാടിക്കല്‍ - തിരുവനന്തപുരം മെഡിക്കല്‍ കോളജ് റൂട്ടിൽ ഉടൻ സർവീസ് ആരംഭിക്കും. പത്തനംതിട്ടയില്‍ നിന്ന് ചികില്‍സയുടെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോകുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
ഗാരേജ് പ്രശ്നങ്ങൾ മന്ത്രി നേരിട്ടു പരിശോധിക്കും
പത്തനംതിട്ടയിലെ കെഎസ്ആര്‍ടിസി ഗാരേജിന്റെ പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് ഗതാഗത മന്ത്രി നേരിട്ട് പത്തനംതിട്ടയില്‍ എത്തും. ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സ് സംബന്ധിച്ച വസാനഘട്ട സിവില്‍ വര്‍ക്കുകള്‍ അടിയന്തരമായി പരിഹരിച്ച് ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികള്‍ പ്രവര്‍ത്തനക്ഷമമാക്കും. ഫയര്‍ എന്‍ഒസിക്കുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, കനോപ്പി, ഫയര്‍ആൻഡ് സേഫ്റ്റി തുടങ്ങിയ പ്രശ്നങ്ങൾ അടിയന്തര പരിഹാരം കണ്ടെത്താനും മന്ത്രി ഗണേഷ് കുമാർ നിർദേശിച്ചു.
ശബരിമല ഭക്തര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാം നിലയില്‍ എസി ഡോര്‍മിറ്ററി സൗകര്യം എംഎല്‍എ ഫണ്ട് വിനിയോഗിച്ച് ചെയ്യുന്നതിന് തീരുമാനിച്ചു.
കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍, പ്രദീപ് കുമാര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ (അഡ്മിനിസ്ട്രേഷന് ആൻഡ് ഓപ്പറേഷന്‍സ്), റോയി ജേക്കബ് ച്രീഫ് ട്രാഫിക് ഓഫീസര്‍ -ഇന്‍-ചാര്‍ജ്ജ്), ഉല്ലാസ് ബാബു (കെ സിഫ്റ്റ്), പത്തനംതിട്ട ഡിടിഒ തോമസ് മാത്യു, എസ്റ്റേറ്റ് ഓഫീസർ ഷറഫ് മുഹമ്മദ്, ഡിപ്പോ എൻജിനിയർ ജയിംസ്, ഇൻസ്പെക്ടർമാരായ രാജന് ആചാരി, മനോജ് എന്നിവര്‍ പങ്കെടുത്തു.