നഗരത്തില്‍ വാഹനങ്ങള്‍ക്കു തീയിട്ട സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ
1461336
Wednesday, October 16, 2024 3:09 AM IST
പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ പാചകവാതക സിലിണ്ടര്‍ ഗോഡൗണിനു മുന്പില് നിറ സിലിണ്ടറുകള്‍ കയറ്റി പാര്‍ക്ക് ചെയ്തിരുന്ന ലോറിയും തൊട്ടടുത്ത സ്വകാര്യ സ്കൂളിന്റെ ബസും കത്തിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. അടൂര്‍ അമ്മകണ്ടകര കലാഭവനം വീട്ടിൽ ശ്രീജിത്താണ് (27) പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി.
രണ്ടു സ്ഥലങ്ങളിലും ഒരാള്‍ വാഹനങ്ങള്‍ക്കു തീ വയ്ക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍നിന്നു കണ്ടെടുത്തതിനു പിന്നാലെ നടന്ന അന്വേഷണത്തിലാണ് തിങ്കളാഴ്ച രാത്രി ഒരാളെ കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന സ്ഥലത്തിനു സമീപം ഇയാള്‍ വാടകയ്ക്കു താമസിച്ചുവരികയാണ്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി കാന്റീൻ ജീവനക്കാരൻ കൂടിയാണ് ശ്രീജിത്ത്.
തീപിടിച്ച ലോറിയുടെ കാബിന് പൂര്‍ണമായി കത്തിനശിച്ചു. ഗ്യാസ് ഏജന്‍സി ജീവനക്കാരുടെയും ഫയര്‍ഫോഴ്സിന്റെയും സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി.
ഒരേ ഭാഗത്തുനിന്ന് രണ്ട് ഫയര്‍ കോള്‍ എത്തിയതില്‍ അസ്വാഭാവികത തോന്നിയ ഫയര്‍ഫോഴ്സ് നടത്തിയ സിസിടിവി പരിശോധനയിലാണ് വന്‍ അട്ടിമറിക്കുള്ള നീക്കം കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 11.10 നും, 12.30 നും മധ്യേയാണ് മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ഹാളിനോടു ചേര്‍ന്ന ഭാഗത്തു സ്ഥിതി ചെയ്യുന്ന സരോജ് ഗ്യാസ് ഏജന്‍സി കോന്പൗണ്ടില്‍ കിടന്ന ലോറിക്കു തീ പിടിച്ചത്. തീ പെട്ടെന്ന് അണയ്ക്കാനായതിനാൽ വൻ അപകടം ഒഴിവായി. അഞ്ഞൂറോളം സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിനു മുന്‍പിലാണ് ലോറി പാർക്ക് ചെയ്തിരുന്നത്.
മാക്കാംകുന്ന് - കരിന്പനാംകുഴി റോഡരികില്‍ എവര്‍ഷൈന്‍ റസിഡന്‍ഷല്‍ സ്കൂളിന്റെ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂള്‍ ബസിനും പിന്നാലെ തീപിടിച്ചു. രണ്ടിടങ്ങളിലും ഒരാൾ തന്നയൊണ് തീയിട്ടതെന്നു വ്യക്തമായിട്ടുണ്ട്.
വാഹനങ്ങൾക്ക് തീയിടുകയെന്നത് ഇയാളുടെ പതിവുരീതിയാണെന്നു പോലീസ് പറഞ്ഞു. അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ സ്ഥലങ്ങളിൽ പത്തോളം വാഹനങ്ങൾ ഇയാൾ അഗ്നിക്കിരയാക്കി. സംഭവത്തിൽ നേരത്തേപോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തിലാണ് നിലവിൽ പത്തനംതിട്ടയിലെ അന്വേഷണം. ഇൻസ്പെക്ടർ ഡി. ഷിബു കുമാർ, എസ്ഐമാരായ ജിനു, രാജേഷ് കുമാർ തുടങ്ങിയവർ സംഘത്തിലുണ്ട്. കോടതിയിൽ ഹാജരാകകിയ ശ്രീജിത്തിനെ റിമാൻഡ് ചെയ്തു.