കുറ്റക്കാരെ അറസ്റ്റ് ചെയ്യണം: എൻജിഒ സംഘ്
1461334
Wednesday, October 16, 2024 3:09 AM IST
പത്തനംതിട്ട: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എൻജിഒ സംഘ്. കണ്ണൂർ കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെ വന്നെത്തി എഡിഎമ്മിനെ അധിക്ഷേപിച്ചു സംസാരിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ധിക്കാരപരമായ നടപടിയാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് സംശയിക്കുന്നതായി സംഘ് കുറ്റപ്പെടുത്തി.
കുറ്റക്കാർക്കെതിരേ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് െയ്യണമെന്ന് എൻജിഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ആവശ്യപ്പെട്ടു. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എൻ. ജി. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ജി. അനീഷ്, ജില്ലാ സെക്രട്ടറി എം. രാജേഷ്, ജില്ലാ ട്രഷറർ പി. ആർ രമേശ്, എന്നിവർ പ്രസംഗിച്ചു.
മുസ്ലിംലീഗ് പ്രതിഷേധിച്ചു
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യയ്ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് പ്രതിഷേധ പ്രകടനം നടത്തി.
ദിവ്യയുടെ ആരോപണത്തിന് റവന്യു മന്ത്രി കെ. രാജൻ നൽകിയ മറുപടിയും, സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനന്റെ പ്രസ്താവനയും ആത്മാർഥതയുള്ളതാണെങ്കിൽ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന് പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത ലീഗ് മുൻ ജില്ലാ പ്രസിഡന്റ് ടി. എം. ഹമീദ് ആവശ്യപ്പെട്ടു.
മുനിസിപ്പൽ പ്രസിഡന്റ് കെ. എം. രാജ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഹൻസലാഹ് മുഹമ്മദ് , മുനിസിപ്പൽ കമമിറ്റി സെക്രട്ടറി എം. സിറാജ്, ജില്ലാ, മണ്ഡലം നേതാക്കളായ എൻ. എ. നൈസാം, അബ്ദുൾ കരീം തെക്കേത്ത്,എം. എച്ച്. ഷാജി, കെ. പി. നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.