ദൗർഭാഗ്യകരം: ആന്റോ ആന്റണി
1461333
Wednesday, October 16, 2024 3:09 AM IST
പത്തനംതിട്ട: സത്യസന്ധമായും നീതിപൂർവമായും ഔദ്യോഗിക ജീവിതം നയിച്ച എഡിഎം നവീൻ ബാബുവിന് ആത്മഹത്യയിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്നത് ദൗർഭാഗ്യകരമാണെന്ന് ആന്റോ ആന്റണി എംപി.
പത്തനംതിട്ട എഡിഎമ്മായി നവീൻ ബാബു എത്തുന്ന വിവരം ഏറെ സന്തോഷത്തോടെയാണ് ജനപ്രതിനിധികളായ തങ്ങൾ കേട്ടത്. മുന്പ് പത്തനംതിട്ട ജില്ലയിലെ വിവിധ തസ്തികകളിൽ സേവനം ചെയ്തപ്പോഴൊക്കെ ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകൾ ഏറെ പ്രശംസനീയമായിരുന്നുവെന്ന് എംപി പറഞ്ഞു.
നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം. ജന്മനാട്ടിലേക്ക് പിതാവ് സ്ഥലം മാറി വരുന്നതും കാത്ത് സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന മക്കൾക്കും ഭാര്യയ്ക്കും ഉണ്ടായ ദുരവസ്ഥ ഇനിയൊരാൾക്കും കേരളത്തിലുണ്ടാകരുത്.
അധികാരത്തിന്റെ അഹന്തയും ധിക്കാരവും കൊണ്ട് നിരപരാധിയായ ഒരു മനുഷ്യനെ അപമാനിച്ചു മരണത്തിലേക്ക് തള്ളിവിടുകയാണ് കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയ്തത്.
തങ്ങൾ പറയുന്നത് അപ്പടി അനുസരിക്കാത്ത ഉദ്യോഗസ്ഥരെ കടുത്ത സമ്മർദത്തിലാക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന സിപിഎം ശൈലിയുടെ ഭാഗമാണ് കണ്ണൂരിൽ കണ്ടതെന്നും ആന്റോ ആന്റണി എംപി പറഞ്ഞു. ഇന്നലെ മലയാലപ്പുഴ പത്തിശേരിയിൽ നവീന്റെ വീട് സന്ദർശിച്ച എംപി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
പ്രതിഷേധവുമായി സർവീസ് സംഘടനകളും രാഷ്ട്രീയകക്ഷികളും
പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരേ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ടയിൽ സർവീസ് സംഘടനകളും രാഷ്ട്രീയകക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തി. പത്തനംതിട്ട ജില്ലാ ആസ്ഥാനത്തും കളക്ടറേറ്റിലും മലയാലപ്പുഴയിലും ഇതുമായി ബന്ധപ്പെട്ടു പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്നു.
എഡിഎം എം.കെ. നവീൻ ബാബുവിനെ അധിക്ഷേപിച്ച് ആത്മഹത്യയിലേക്ക് നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്കൊണ്ട് എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റിൽ പ്രതിഷേധ പ്രകടനം നടത്തി.
അഴിമതിക്ക് കൂട്ടുനിൽക്കാത്ത ജീവനക്കാർക്കെതിരേ അധിക്ഷേപങ്ങൾ ഉന്നയിച്ച് സമൂഹത്തിൽ അപമാനിക്കുന്നത് കേരളത്തിൽ തുടർക്കഥ ആകുകയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തഎൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. എസ്. വിനോദ് കുമാർ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. വി. തുളസീരാധ, ജില്ലാ സെക്രട്ടറി ഷിബു മണ്ണടി, ജില്ലാ ട്രഷറർ ജി. ജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ബിജു ശാമുവേൽ, ജില്ലാ ഭാരവാഹികളായ എസ്. കെ. സുനിൽകുമാർ, ഡി. ഗീത , ദിലീപ് ഖാൻ, ദർശൻ ഡി. കുമാർ, ജോർജ് പി. ഡാനിയേൽ, മനോജ്, ജുഫാലി മുഹമ്മദ്, ഗിരിജ, ആർ. പ്രസാദ്, സുനിൽ വി. കൃഷ്ണൻ, ജയപ്രസാദ്, കെ. ഷാജൻ, സബീന, ഷൈനി പി. വർഗീസ്, എ. സീന തുടങ്ങിയവർ പ്രസംഗിച്ചു.
മലയാലപ്പുഴയിൽ ഇന്ന് യുഡിഎഫ്, ബിജെപി ഹർത്താൽ
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും ഇന്ന് മലയാലപ്പുഴ പഞ്ചായത്തിൽ ഹർത്താൽ ആചരിക്കും.
രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെയും തീർഥാടകവാഹനങ്ങളെയും ഒഴിവാക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് മൂന്നിന് നവീൻ ബാബുവിന്റെ വീട് സന്ദർശിക്കും.