പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്കു മൂന്ന് ജീവപര്യന്തം
1460350
Friday, October 11, 2024 2:38 AM IST
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിനതടവും, മൂന്നു ലക്ഷം രൂപ പിഴയും. പത്തനംതിട്ട അതിവേഗക്കോടതി സ്പെഷല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റേതാണ് വിധി. മല്ലപ്പള്ളി ആനിക്കാട് പുന്നവേലി പാലയ്ക്കാത്തകിടി ചാലുങ്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പി. കെ. സനില്‍കുമാറിനെയാണ് (41) കോടതി ശിക്ഷിച്ചത്.
പതിനാലുകാരിയെ വീട്ടില്‍ വച്ച് 2023 സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ ഒന്‍പതുവരെയുള്ള കാലയളവിലാണ് ഗുരുതരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്. പീഡനം സംബന്ധിച്ച് ശിശുക്ഷേമസമിതിയില്‍ ലഭിച്ച പരാതി കീഴ്വായ്പൂര് പോലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തില്‍, ഒക്ടോബര്‍ 18ന് കീഴ്വായ്പൂര് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
കുട്ടി ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കോടതി പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിനതടവ് വിധിക്കുകയായിരുന്നു.
പിഴ അടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജയ്സണ്‍ മാത്യൂസ് ഹാജരായി.
കോടതിനടപടികളില്‍ എഎസ്ഐ ഹസീനയുടെ സേവനവും ലഭ്യമായിരുന്നു.