വലിയകലുങ്ക് കനാൽ പാലത്തിൽ മണ്ണുമാന്തി യന്ത്രവുമായി ചരക്കുലോറി കുടുങ്ങി
1458172
Wednesday, October 2, 2024 2:58 AM IST
റാന്നി: പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വലിയകലുങ്ക് കനാല്‍പാലത്തിനു കീഴില്‍ മണ്ണുമാന്തി യന്ത്രവുമായെത്തിയ ചരക്കുലോറി കുടുങ്ങി. ലോറി പാലത്തിന് അടിയിലൂടെ പുറത്തേക്ക് എടുത്തതോടെ യന്ത്രത്തിന്റെ മുകള്‍ഭാഗവും മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റും അടര്‍ന്നുവീണു.
ഇന്നലെ ഉച്ചകഴിഞ്ഞ് റാന്നി ഭാഗത്തുനിന്നും പത്തനംതിട്ടയിലേക്കു യന്ത്രവുമായി വന്ന ചരക്കു ലോറിയാണ് പാലത്തിന്റെ അടിയില്‍ അകപ്പെട്ടത്. യന്ത്രത്തിന്റെ ഭാഗം പിന്നാലെ വന്ന ഇരുചക്ര വാഹനയാത്രക്കാരിയുടെ മുന്നിലേക്കാണ് വീണത്. അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. ലോറിയും മണ്ണുമാന്തിയന്ത്രവും അടിയില്‍പ്പെട്ടതോടെ പാതയില്‍ ഗതാഗത കുരുക്കും ഉണ്ടായി.
മണ്ണുമാന്തി യന്ത്രത്തിന്റെ കാബിന് നീർപാലത്തില്‍ കുടുങ്ങി കേടുപാടുകളും സംഭവിച്ചു. സംസ്ഥാനപാത ഉന്നതനിലവാരത്തില്‍ നിർമിച്ചതിനു ശേഷമാണ് ഉയരം കൂടുതലുള്ള വാഹനങ്ങള്‍ പാലത്തിന് അടിയില്പ്പെടുന്നത് നിത്യ സംഭവമായത്. റോഡ് ഉയർത്തിയതാണ് ഇതിനു കാരണം.
പഴയ പാതയില്‍നിന്നു രണ്ടടിയോളം റോഡ് ഉയർത്തിയിട്ടുണ്ട്. ഇതോടെ ലോഡ് വാഹനങ്ങൾ അടക്കം കുടുങ്ങുന്നത് പതിവായി. പരാതി വ്യാപകമായതോടെ പൊതുമരാമത്ത് മന്ത്രി സ്ഥലം സന്ദര്‍ശിക്കുകയും മേൽപ്പാലം നിർമിക്കുന്നതു പരിഗണിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, അധിക തുക അനുവദിക്കാനാവില്ലെന്ന പൊതുമരാമത്ത് വകുപ്പിന്റെ നിലപാടില്‍ പാത പഴയപടി തുടരുകയായിരുന്നു.
പാലത്തിന്റെ ഉയരം സൂചിപ്പിക്കുന്ന ബോര്‍ഡും സുരക്ഷയ്ക്കായി ഇരുമ്പ് പൈപ്പും ഒരു വശത്തു സ്ഥാപിച്ചിട്ടുണ്ട്.