കുടിവെള്ള സ്രോതസുകളിലും കൃഷിയിടങ്ങളിലും മാലിന്യം തള്ളുന്നു
1457956
Tuesday, October 1, 2024 4:41 AM IST
പെരുമ്പെട്ടി: കുടിവെള്ള സ്രോതസുകളിലും കൃഷിയിടങ്ങളിലും പതിവായി മാലിന്യം തള്ളുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു. കഴിഞ്ഞദിവസം പെരുമ്പെട്ടി പോലീസ് സ്റ്റേഷനു മുമ്പിൽ പെരുമ്പെട്ടി - കരിയംപ്ലാവ് റോഡിൽ കൂവപ്ലാവ് പാപ്പനാട്ട് തോട്ടിൽ ശൗചാലയ മാലിന്യങ്ങൾ അടക്കം നിക്ഷേപിച്ചു. തോട്ടിലെ വെള്ളം മലിനപ്പെട്ടതോടെ സമീപത്തെ കിണർവെള്ളത്തിലും മാലിന്യം കലർന്നതായി ആശങ്കയുണ്ട്.
മാരങ്കുളം - നിർമലപുരം റോഡിലും സമാന സ്ഥിതിയാണ്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ രാത്രിയിലും പുലർച്ചെയുമായി പൊതു ഇടങ്ങളിൽ തള്ളുകയാണ്. വാഹനങ്ങളിൽ എത്തുന്ന സംഘമാണ് ഇത്തരം ഹീനപ്രവൃത്തിക്കു പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു. പെരുന്പെട്ടി പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി.