കെ.എം. മാണി ഉയർത്തിയത് കർഷക രാഷ്ട്രീയം: ജോസ് കെ. മാണി
1457955
Tuesday, October 1, 2024 4:41 AM IST
കൊല്ലമുള: കർഷക രാഷ്ട്രീയം പൊതുമണ്ഡലത്തോടു ചേർന്നു നിൽക്കേണ്ടതാണെന്നു ബോധ്യപ്പെടുത്തിയ നേതാവായിരുന്നു കെ.എം. മാണിയെന്ന് കേരള കോൺഗ്രസ് - എം ചെയർമാൻ ജോസ് കെ. മാണി എംപി. കേരള കോൺഗ്രസ് -എം റാന്നി നിയോജക മണ്ഡലം കമ്മിറ്റി വെച്ചൂച്ചിറ - കൊല്ലമുള ഓലക്കുളത്തു പൂർത്തീകരിച്ച കാരുണ്യഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയോര ജനത നേരിടുന്ന കാർഷിക പ്രശ്നങ്ങൾ, വന്യമൃഗ ആക്രമണ വിഷയങ്ങൾ, പരിസ്ഥിതി ലോല പ്രദേശ പ്രശ്നം, പട്ടയ ഭൂമിയിലെ മരം മുറിക്കുന്നതും ആയി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയിൽ സന്ധിയില്ലാത്ത പോരാട്ടം കേരള കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ തുടരുമെന്നും ജോസ് കെ. മാണി പറഞ്ഞു.
കർഷകർക്കും കാർഷിക വിളകൾക്കും അർഹമായ പ്രാധാന്യം ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. ദേശീയതലത്തിൽ വനം വിസ്തൃതി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന നീക്കം കേരളത്തിൽ അനുവദിക്കുകയില്ലെന്നും നിലവിൽ കേരളത്തിൽ വനാവരണം 55 ശതമാനത്തിന് മുകളിലാണെന്നും ജോസ് കെ. മാണി അഭിപ്രായപ്പെട്ടു.
പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായൺ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ആംഗ്ലിക്കൻ സഭ ബിഷപ് തോമസ് മാവുങ്കൽ, കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് സജി അലക്സ്, സംസ്ഥാന ഉന്നത അധികാര സമിതി അംഗം ചെറിയാൻ പോളച്ചിറയ്ക്കൽ, ഡോ. വർഗീസ് പേരയിൽ, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജേക്കബ്, സെക്രട്ടറിമാരായ ഏബ്രഹാം വാഴയിൽ, ഷെറി തോമസ്, ബിബിൻ കല്ലമ്പറമ്പിൽ, ജേക്കബ് മാമ്മൻ, കമ്മിറ്റി അംഗങ്ങളായ ബഹനാൻ ജോസഫ്, റോസമ്മ സ്കറിയ, ടോമി പാറക്കുളങ്ങര, വിവിധ പാർട്ടി പ്രതിനിധികളായ ഷാജി കൈപ്പുഴ, ജോജി മഞ്ഞാടി, രാജഗോപാൽ വെച്ചൂച്ചിറ തുടങ്ങിയവർ പ്രസംഗിച്ചു.