ഇട്ടിയപ്പാറ ബസ് ടെർമിനൽ നിർമാണത്തിന് മൂന്നുകോടി
1457952
Tuesday, October 1, 2024 4:41 AM IST
റാന്നി: ഇട്ടിയപ്പാറ ആധുനിക ബസ് ടെർമിനൽ നിർമിക്കുന്നതിനായി എംഎൽഎ ഫണ്ടിൽനിന്നും മൂന്നുകോടി രൂപ അനുവദിച്ചതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ആദ്യഘട്ടമായി ഈ സാമ്പത്തിക വർഷം രണ്ടു കോടി രൂപയാണ് ചെലവഴിക്കുക. ഒരു കോടി രൂപയ്ക്കു മുകളിലുള്ള നിർമാണ പ്രവൃത്തികൾക്ക് സംസ്ഥാന ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്.
രണ്ടു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ ബസ് കാത്തിരിക്കുന്നതിനുള്ള സൗകര്യങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക വിശ്രമമുറികൾ പ്രത്യേക ടോയ്ലറ്റ് ബ്ലോക്കുകളും സ്ത്രീകൾക്ക് ഷീ ലോഡ്ജ്, ഓഫീസ് മുറി, റസ്റ്ററന്റുകൾ, യാത്രക്കാർക്ക് മഴ നനയാതെ ബസിൽ കയറുന്നതിനുള്ള സൗകര്യങ്ങൾ എന്നിവയും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്.
സ്വകാര്യ ബസ്, കെഎസ്ആർടിസി ബസ് യാത്രക്കാർക്ക് ഒരേപോലെ പ്രയോജനം ചെയ്യത്തക്ക വിധം ആയിരിക്കും കെട്ടിടം നിർമിക്കുക. നിലവിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ബസ് കാത്തുനിൽക്കുന്നതിന് ആവശ്യമായ സൗകര്യം ഇല്ല. മഴ കൂടി പെയ്താൽ യാത്രക്കാരുടെ സ്ഥിതി ദയനീയമാണ്. സ്വകാര്യ ബസ് സ്റ്റാൻഡ് വിദേശ മലയാളികൾ നിർമിച്ചു നൽകിയ ബസ് ടെർമിനൽ മാത്രമാണുള്ളത്. മിക്കപ്പോഴും യാത്രക്കാരുടെ ബാഹുല്യം മൂലം ഇത് മതിയാകാതെ വരുന്നു.
ബസ് ടെർമിനൽ നിർമിക്കാൻ പഴവങ്ങാടി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം റവന്യൂ വകുപ്പ് അടയാളപ്പെടുത്തി നൽകിയിട്ടുണ്ട്. സ്ഥലം ലഭ്യമാക്കുന്നതു സംബന്ധിച്ച് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. സ്ഥലം എത്രയും വേഗം വിട്ടുനൽകാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തിലും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടപടികൾ വേഗത്തിലാക്കണമെന്ന് കളക്ടർ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കെട്ടിടം നിർമിക്കാൻ സ്ഥലം വിട്ടുനൽകിക്കൊണ്ട് പഴവങ്ങാടി പഞ്ചായത്തിന്റെ അനുമതി ലഭിച്ചാൽ ബാക്കി നടപടികൾ ആരംഭിക്കാവുന്നതാണ്.