പോക്സോ കേസ് പ്രതിക്ക് 28 വർഷം കഠിനതടവും പിഴയും
1457950
Tuesday, October 1, 2024 4:41 AM IST
അടൂർ: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 28 വർഷം കഠിന തടവും പിഴയും. ഏനാത്ത് വില്ലേജിൽ കൈതപ്പറമ്പ് പൂവത്തിനാൽ തെക്കേക്കര ലക്ഷ്മിഭവനിൽ നിബുരാജിനെയാണ് (കൊച്ച് - 33) അടൂർ അതിവേഗത കോടതി ജഡ്ജി ടി. മൻജിത്ത് 28 വർഷം കഠിനതടവിനും 1,20,000 രൂപ പിഴയും ശിക്ഷിച്ചത്.
വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ ഇയാൾ 2019 ഒക്ടോബർ നാല്, പതിനഞ്ച് തീയതികളിൽ അതിജീവിതയെ ഓട്ടോറിക്ഷയിൽ തെന്മല പാണ്ഡവൻപാറയിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
ഏനാത്ത് എസ്എച്ച്ഒ ആയിരുന്ന ജയകുമാർ കേസെടുത്ത് എഫ്ഐആറും കുറ്റപത്രവും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇയാൾ പിഴത്തുക അടയ്ക്കുനുവെങ്കിൽ അതിജീവിതയ്ക്കു നൽകാൻ ലീഗൽ സർവീസ് അഥോറിറ്റിക്കു നിർദേശം നൽകി. ഇല്ലാത്തപക്ഷം ആറുമാസം 20 ദിവസംകൂടി അധികം കഠിനമായ തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പോസിക്യൂട്ടർ സ്മിതാ പി. ജോൺ ഹാജരായി.