എംസിവൈഎം യുവജന സംഗമം തിരുവല്ലയിൽ; നഗര സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നാളെ
1457948
Tuesday, October 1, 2024 4:41 AM IST
തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനമായ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എംസിവൈഎം) സഭാതല സമിതിയുടെ നേതൃത്വത്തിൽ യുവജന ദിനത്തിന്റെ ഭാഗമായി യുവജനസംഗമം ' ഹെസദ് ' തിരുവല്ല അതിഭദ്രാസനത്തിന്റെ ആതിഥേയത്വത്തിൽ 19, 20 തീയതികളിൽ നടക്കും.
തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിലെ ഷെവലിയാർ വർഗീസ് കരിപ്പായിൽ നഗറിലാണ് യുവജന സംഗമം. യുവജന സംഗമത്തിന്റെ ഭാഗമായി, നാളെ ഗാന്ധിജയന്തി ദിനത്തിൽ തിരുവല്ല കുരിശുവല ജംഗ്ഷൻ മുതൽ സമ്മേളന നഗരിയായ കത്തീഡ്രൽ ദേവാലയം വരെയുള്ള പ്രദേശങ്ങൾ യുവജനങ്ങൾ വൃത്തിയാക്കും. നഗരം സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി റോഡിന്റെ ഇരുവശത്തും പൂച്ചട്ടികൾ തിരുവല്ലാ മുനിസിപ്പാലിറ്റിയോടു സഹകരിച്ച് സ്ഥാപിക്കും. രാവിലെ 10 ന് നഗരസഭാ ചെയർപേഴ്സൺ അനു ജോർജ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.
നാലിന് യുവജനപ്രസ്ഥാനത്തിന്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനത്തിൽ ബഥനി സന്യാസിനീ സമൂഹത്തിലെ റിട്ടയേർഡ് സിസ്റ്റേഴ്സ് താമസിക്കുന്ന തിരുവല്ല ബാഥാനിയയിൽ വി. കുർബാനയോടും മറ്റു പരിപാടികളോടുംകൂടി യുവജനദിനം ആഘോഷിക്കും.
ആറിന് തിരുവല്ല അതിഭദ്രാസനത്തിലെ 132 ഇടവകകളിൽ യുവജന ദിനം യൂണിറ്റ് തലത്തിൽ ആഘോഷിക്കും. നാലു മുതൽ 12 വരെയുള്ള തീയതികളിൽ തിരുവല്ലാ അതിഭദ്രാസനത്തിലെ ഒന്പതു മേഖലകളിൽ യുവജനദിനത്തിനായി ഒരുക്ക പ്രാർഥന ക്രമീകരിക്കും.
13ന് വാഹന വിളംബര റാലി തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിച്ചേരും. തുടർന്ന് ഹെസദ് സന്ദേശം അറിയിച്ചുകൊണ്ട് ഫ്ലാഷ് മോബ് നടത്തും. തുടർന്ന് സമ്മേളന നഗരിയായ കത്തീഡ്രലിൽ എത്തി എംസിവൈഎം പതാക ഉയർത്തും.
19ന് വൈകുന്നേരം അഞ്ചിനു മലങ്കര സഭയിലെ 12 ഭദ്രാസനങ്ങളിലെ യുവജനങ്ങൾ പങ്കെടുക്കുന്ന അന്തർദേശീയ ക്വിസ് മത്സരവും കലാസന്ധ്യയയും. 20നു രാവിലെ എട്ടിന് തിരുവല്ലാ അതിഭദ്രാസന അധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെയും യൂത്ത് കമ്മീഷൻ ചെയർമാൻ ഡോ. മാത്യൂസ് മാർ പോളികാർപ്പസ് എപ്പിസ്കോപ്പയുടെയും മുഖ്യകാർമികത്വത്തിൽ വി. കുർബാന. തുടർന്ന് സിഎംഐ സഭയുടെ മൂവാറ്റുപുഴ പ്രൊവിൻസിന്റെ വൈസ് പ്രൊവിൻഷ്യൽ ഫാ. റോയി കണ്ണഞ്ചിറ സി.എം.ഐ നേതൃത്വം നൽകുന്ന യുവജന സെമിനാർ.
പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിനുശേഷം രണ്ടായിരത്തോളം യുവജനങ്ങൾ പങ്കെടുക്കുന്ന റാലി തിരുവല്ല നഗരത്തിൽ നടത്തപ്പെടും. പിന്നണി ഗായിക അഞ്ജു ജോസഫിന്റെ നേതൃത്വത്തിലുള്ള മ്യൂസിക്കൽ ബാൻഡ് ഷോയും ഉണ്ടാകും.
തിരുവല്ല അതിഭദ്രാസനം വിഭാവനം ചെയ്ത ഭവനപദ്ധതിക്കായി ഒരു ഭവനത്തിന്റെ മുഴുവൻ തുകയും യുവജനപ്രസ്ഥാനം നൽകുമെന്ന് എംസിവൈഎം തിരുവല്ല അതിഭദ്രാസന പ്രസിഡന്റ് സിറിയക് വി.ജോൺ, ജനറൽ സെക്രട്ടറി സച്ചിൻ രാജു സക്കറിയ, ഡയറക്ടർ ഫാ. ചെറിയാൻ കുരിശുമൂട്ടിൽ, കോ -ഓർഡിനേറ്റർ സിസ്റ്റർ അലീന എസ്ഐസി, അനിമേറ്റർ ഷിബിമോൻ കോശി മണ്ണിൽ എന്നിവർ പറഞ്ഞു.