കൊടുമണ്ണിലെ പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റ് നോക്കുകുത്തി
1457947
Tuesday, October 1, 2024 4:41 AM IST
കൊടുമൺ: പ്ലാസ്റ്റിക് അടക്കമുള്ള അജൈവ പാഴ്വസ്തുക്കൾ ശേഖരിച്ച് പൊടിക്കാനായി നിർമിച്ച റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ (ആർആർഎഫ്സി) പ്രവർത്തനം വൈകുന്നു. കൊടുമൺ വാഴവിള കരുവിലാക്കോട് റോഡിനു സമീപം വലിയതോടിന്റെ കരയിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പണിത കെട്ടിടത്തിലാണ് ആർആർഎഫ്സി പ്രവർത്തനം തുടങ്ങേണ്ടിയിരുന്നത്.
കെട്ടിടം നിർമിച്ചത് രണ്ടു വർഷം മുൻപാണ്. ഇവിടെ സ്ഥാപിച്ച മോട്ടോറിന്റെ കാര്യക്ഷമതാ പരിശോധന നടക്കാത്തതും ജില്ലാ കളക്ടറുടെ അനുമതി ലഭിക്കാത്തതുമാണ് പ്രവർത്തനം തുടങ്ങാൻ തടസമായതെന്ന് പറയുന്നു. 22 ലക്ഷം രൂപ ചെലവിലാണ് പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രം സ്ഥാപിച്ചത്.
കൊടുമൺ ജംഗ്ഷനു സമീപം വാടകക്കെട്ടിടത്തിലായിരുന്നു ആർആർഎഫ്സി പ്രവർത്തിച്ചിരുന്നത്. കരുവിലാക്കോട് പുതിയ കെട്ടിടം നിർമിച്ചപ്പോൾ ത്രീഫെയ്സ് വൈദ്യുതി കണക്ഷൻ ലഭിക്കാൻ കാലതാമസമുണ്ടായി. അടുത്തിടെ കണക്ഷൻ ലഭിച്ചതായി ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
പാഴ്വസ്തുക്കൾ പൊടിക്കാനും സംസ്കരണത്തിനുമായി ആർആർഎഫ്സിയിൽ സ്ഥാപിച്ച യന്ത്രങ്ങൾ തുരുമ്പെടുത്തു. വിവിധ പഞ്ചായത്തുകളിൽ നിന്ന് സംഭരിക്കുന്ന അജൈവ മാലിന്യങ്ങൾ ഇവിടെയെത്തിച്ച് സംസ്കരിച്ച് റോഡ് നിർമാണത്തിനും മറ്റും ഉപയോഗിക്കാനായിരുന്നു പദ്ധതി.
ക്ലീൻ കേരള കമ്പനി തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളാണ്
ബ്ലോക്ക് തലത്തിലുള്ള ആർആർഎഫ്സിയിൽ കൊണ്ടുവരുന്നത്. അവിടെ യന്ത്ര സഹായത്താൽ പുനഃചംക്രമണ യോഗ്യത ഉള്ള പ്ലാസ്റ്റിക് പതുക്കി മാറ്റും. യോഗ്യമല്ലാത്ത മൾട്ടി ലെയർ പ്ലാസ്റ്റിക് യന്ത്ര സഹായത്താൽ അരിഞ്ഞ് സൂക്ഷിക്കും. ഇത് റോഡ് ടാറിംഗിന് ഉപയോഗിക്കുന്നു. തദ്ദേശസ്ഥാപനങ്ങളും പൊതുമരാമത്തും ടാറിംഗ് ജോലികളിൽ 20 ശതമാനം റോഡുകളിൽ ഷ്രെഡഡ് പ്ലാസ്റ്റിക് ഉപയോഗിക്കണമെന്ന് സർക്കാർ നിർദേശമുണ്ട്.