വനസംരക്ഷണസമിതി ധനവിനിയോഗത്തിൽ ക്രമക്കേട്; നടപടി ഒഴിവാക്കി പരിശീലന ക്ലാസ്
1457946
Tuesday, October 1, 2024 4:41 AM IST
പത്തനംതിട്ട: വനസംരക്ഷണസമിതികൾക്കും ഇക്കോടൂറിസം കേന്ദ്രങ്ങൾക്കും പ്രതിവർഷം അനുവദിക്കുന്ന തുകയിൽ വ്യാപക തിരിമറി. പോലീസിന്റെ വിജിലൻസ് പരിശോധനയിൽ ഇവ ഒന്നൊന്നായി കണ്ടെത്തി. പക്ഷേ, കുറ്റക്കാർക്കെതിരേ നടപടിയൊന്നുമില്ല. വെട്ടിച്ച തുക തിരിച്ചടയ്ക്കാനും നിർദേശമില്ല. പകരം, ഫണ്ട് എങ്ങനെ ചെലവഴിക്കണമെന്ന് ക്ലാസ് നൽകുകയാണ് വനം വകുപ്പ് ഇപ്പോൾ.
ഫയർലൈൻ, പ്ലാന്റിംഗ്, ഗള്ളി നിർമാണം തുടങ്ങിയ ജോലികൾക്കാണ് പ്രധാനമായും തുക അനുവദിക്കുന്നത്. 2002 മുതൽ 2023 വരെ അനുവദിച്ചത് 2000 കോടിയാണ്. ഇക്കാലയളവിലെ വിനിയോഗത്തിന്റെ കണക്കാണ് പരിശോധിച്ചത്. 'ജംഗിൾ സഫാരി' എന്ന പേരിൽ കഴിഞ്ഞ ജനുവരിയിലായിരുന്നു പരിശോധന. ചെലവിന്റെ രേഖകൾ പലതും കാണാനില്ല. കൃത്യമായി ഓഡിറ്റിംഗും നടത്തിയിട്ടില്ല.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരും ബീറ്റ് ഓഫീസർമാരും ഉൾപ്പെടെ ക്രമക്കേടിൽ പങ്കാളികളാണെന്ന് കണ്ടെത്തിയിരുന്നു. വനസംരക്ഷണ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ജനറൽ ബോഡിയിലും ചർച്ചചെയ്യാതെയാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയത്. പണമിടപാട് കാഷ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുമില്ലെന്നാണ് കണ്ടെത്തൽ.
കണ്ടെത്തൽ ഗുരുതരം
പണം ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ചകളുണ്ടായെന്നാണ് വിജിലൻസ് കണ്ടെത്തൽ. സിവിൽ ജോലികൾ ഉൾപ്പെടെ ചെയ്തെന്ന് കൃത്രിമ രേഖ ഉണ്ടാക്കി, മേലുദ്യോഗസ്ഥരെ ഉൾപ്പെടെ ബിനാമികളാക്കി ജോലികൾ ചെയ്തു പണം വീതിച്ചെടുത്തുവെന്നാണ് കണ്ടെത്തൽ. ജോലിക്കിറങ്ങാത്തവരുടെ പേരിലും പണം എഴുതിയെടുത്തു. ഇതിനുപയോഗിച്ച ബാങ്ക് അക്കൗണ്ടുകളിൽ വന സംരക്ഷണ സമിതി പ്രസിഡന്റിന്റെ ബന്ധുക്കളുടേതും ഉൾപ്പെടുന്നു. 400 വനസംരക്ഷണ സമിതികളാണ് പ്രവർത്തിക്കുന്നത്. 190 ഇക്കോ ഡവലപ്മെന്റ് സെന്ററുകളുണ്ട്.
ഇനി സൂക്ഷിച്ചാൽ മതി
ക്രമക്കേടുകൾ കണ്ടെത്തിയിട്ടും നടപടിയില്ലാതെ ഇനി സൂക്ഷിക്കാനുള്ള കാര്യങ്ങളാണ് പരിശീലന ക്ലാസുകളാണ് വനംവകുപ്പ് ആരംഭിച്ചിരിക്കുന്നത്.
വനസംരക്ഷണ സമിതി, ഇക്കോ ഡെവലപ്മെന്റ് സെന്റർ സെക്രട്ടറിമാർക്ക് ഫണ്ട് കൈകാര്യം ചെയ്യുന്നതിനെപ്പറ്റി മൂന്നുദിവസത്തെ ക്ലാസാണ് നടത്തി വരുന്നത്. പണം ചെലവഴിക്കേണ്ട വിധം, കണക്കുകൾ കൃത്യതയോടെ സൂക്ഷിക്കേണ്ടതെങ്ങനെ എന്നൊക്കെയാണ് ക്ലാസാണ്
രസീതുകളും കണക്കുകളും സൂക്ഷിച്ചുവയ്ക്കാത്ത പ്രശ്നം മാത്രമേ സംഭവിച്ചുള്ളൂവെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. ഇവ ഡിജിറ്റലൈസ് ചെയ്തു കൂടി സൂക്ഷിക്കണമെന്നും നിർദേശിച്ച് സമാധാനിപ്പിച്ച് വിടുകയാണ്.