കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാൻ ശ്രമം; ഒരാൾ പിടിയിൽ
1454558
Friday, September 20, 2024 2:54 AM IST
റാന്നി: കളിയാക്കിയതിലെ വിരോധത്താൽ കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കത്തികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചയാളെ റാന്നി പോലീസ് പിടികൂടി. കായംകുളം പെരിങ്ങാല ശിവശേരിൽ കിഴക്കേതിൽ കുടുംബാംഗം റാന്നി തോട്ടമൺ ചക്കങ്കൽ പ്രതാപ് കുമാറിന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന രതീഷാണ് (42) അറസ്റ്റിലായത്. റാന്നി ഉതിമൂട് വലിയകലുങ്ക് നാലുസെന്റ് കോളനി പൊഴിക്കൽ വീട്ടിൽ മോഹനനാണ് (70) കത്തികൊണ്ടുള്ള ആക്രമണത്തിൽ കഴുത്തിലും ചെവിയുടെ താഴെയും മറ്റും ഗുരുതരമായി പരിക്കേറ്റത്.
തോട്ടമൺ അമ്പലത്തിനടുത്തുള്ള പലചരക്കുകടയുടെ തിണ്ണയിൽ ഉറങ്ങിക്കിടന്ന മോഹനന് ഇന്നലെ പുലർച്ചെ ഒന്നോടെയാണ് കുത്തേറ്റത്. ഇയാളെ രതീഷ് തട്ടിയുണർത്തിയശേഷം കൊല്ലുമെന്ന് പറഞ്ഞാണ് കൈയിലിരുന്ന കത്തികൊണ്ട് കഴുത്തിലും ചെവിയിലും മറ്റും കുത്തിയത്.
കൂടാതെ, വലതു തോളിലും കൈകളിലും കുത്തിയും വെട്ടിയും പരിക്കേൽപിച്ചു. തുടർന്ന്, ഒന്നരയോടെ സ്റ്റേഷനിലെത്തി രതീഷ് പോലീസിനോടു വിവരം പറയുകയായിരുന്നു. വിവരമറിഞ്ഞ് രാത്രി പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഗുരുതര പരിക്കുകളോടെ കിടന്ന മോഹനനെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
തുടർന്ന് ഇയാളുടെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. റാന്നി പോലീസ് ഇൻസ്പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐ കൃഷ്ണകുമാർ, എഎസ്ഐ കൃഷ്ണൻ കുട്ടി എന്നിവരാണുള്ളത്.