പത്തനംതിട്ട ജനറൽ ആശുപത്രി ലിഫ്റ്റ് ഉടനുണ്ടാകില്ല
1454552
Friday, September 20, 2024 2:54 AM IST
പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ തകരാറിലായ ലിഫ്റ്റുകൾ പ്രവർത്തനക്ഷമമാക്കാനുള്ള ജോലികൾ നിർത്തിവച്ചു. റിപ്പയറിംഗ് ജോലികൾ നടക്കുന്നതിനിടെ പല പാർട്സുകളും ലഭ്യമാകാതെ വന്നതോടെയാണിത്. പാർട്സുകൾ ലഭ്യമായിട്ടു മാത്രമേ ജോലികൾ പുനരാരംഭിക്കൂ. മൂന്നു പതിറ്റാണ്ടോളം പഴക്കമുള്ള ലിഫ്റ്റിന്റെ പാർട്സുകൾ കമ്പനിയുടെ എറണാകുളത്തെ സ്റ്റോറിൽ ലഭ്യമല്ല.
ഹൈദരാബാദിലെ സ്റ്റോറിലുണ്ടെങ്കിൽ മാത്രമേ തകരാർ പരിഹരിക്കാൻ കഴിയൂ. ഇതു സംബന്ധിച്ച് ഹൈദരാബാദ് ആസ്ഥാനത്തേക്ക് കമ്പനി അധികൃതർ കത്തയിച്ചിട്ടുണ്ട്. പാർട്സുകൾ ലഭിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ലിഫ്റ്റ് പ്രവർത്തന സജ്ജമാക്കാൻ കഴിയും. അല്ലെങ്കിൽ പുതിയ ലിഫ്റ്റ് സ്ഥാപിക്കുകയേ മാർഗമുള്ളൂവെന്ന് അധികൃതർ പറയുന്നു.
ലിഫ്റ്റിന്റെ വാർഷിക അറ്റകുറ്റപ്പണികൾക്കായി ജനറൽ ആശുപത്രി അധികൃതർ നാലു ലക്ഷം രൂപ കമ്പനിക്കു മുൻകൂറായി അടച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം രോഗി ലിഫ്റ്റിൽ കുടുങ്ങിയതിനെത്തുടർന്ന് വാതിൽ പൊളിക്കേണ്ടിവന്നത് നന്നാക്കാനുള്ള തുക വാർഷിക അറ്റകുറ്റപ്പണിയുടെ ഫണ്ടിൽ ഉൾപ്പെടുത്താനാവില്ലെന്ന് കമ്പനി ആശുപത്രി സൂപ്രണ്ടിനെ അറിയിച്ചു.
ലിഫ്റ്റ് നന്നാക്കാനുള്ള തുക കമ്പനിക്ക് അടയ്ക്കണം. ഇതിനുള്ള എസ്റ്റിമേറ്റ് കമ്പനി നൽകും. പാർട്സുകൾ ലഭിച്ചാൽ അതിന്റെ വിലയും തൊഴിലാളികൾക്കുള്ള വേതനവും കണക്കാക്കിയുള്ള തുക ആശുപത്രി അധികൃതർ അടയ്ക്കേണ്ടിവരും.
രോഗികൾക്ക് ദുരിതമേറും
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്യാഹിത, ഒപി വിഭാഗങ്ങൾക്കു പുതിയ കെട്ടിടം പണിയുന്നതിലേക്കു നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചതിനെത്തുടർന്നാണ് ചികിത്സാസംവിധാനങ്ങൾ പൂർണമായി ബി ആൻഡ് സി ബ്ലോക്കിലേക്കു ക്രമീകരിച്ചത്. അത്യാഹിത വിഭാഗവും പ്രധാന വാർഡുകളും ശസ്ത്രക്രിയ മുറികളുമെല്ലാം ഈ ഒരു ബ്ലോക്കിലേക്ക് ക്രമീകരിക്കേണ്ടിവന്നു. ബി ആൻഡ് സി ബ്ലോക്ക്തന്നെ ഏറെ ശോചന്യാവസ്ഥയിലായിരുന്നു.
സംവിധാനങ്ങൾ പൂർണമായി ഈ ഒരു ബ്ലോക്കിലേക്ക് എത്തിയതോടെ ബുദ്ധിമുട്ടുകളുമേറിക്കൊണ്ടിരുന്നു. കഴിഞ്ഞദിവസം ലിഫ്റ്റിന്റെ പ്രവർത്തനവും നിലച്ചതോടെ രോഗികൾ ഏറെ പ്രതിസന്ധിയിലാണ്. പ്രധാന ശസ്ത്രക്രിയകളെല്ലാം ബി ആൻഡ് സി ബ്ലോക്കിലെ മുകൾ നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ലേബർ റൂമും ഇവിടെയാണ്. അസ്ഥിരോഗം ഉൾപ്പെടെയുള്ള ശസ്ത്രക്രിയ മുറികളും മുകൾ നിലയിലാണ്. മുന്പ് രണ്ട് ലിഫ്റ്റുകളുണ്ടായിരുന്ന കെട്ടിടമാണിത്. ഒരു ലിഫ്റ്റ് അഞ്ചുവർഷമായി പ്രവർത്തിക്കുന്നതേയില്ല. അവശേഷിച്ച് ഒരു ലിഫ്റ്റാണ് കഴിഞ്ഞദിവസം പണിമുടക്കിയത്.
ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ ലിഫ്റ്റ് തകരാറായതിനേത്തുടർന്ന് തുണി സ്ട്രെക്ച്ചറിലാണ് മുകളിലെ നിലയിൽനിന്ന് താഴേക്കു കൊണ്ടുവരുന്നത്. മതിയായ സ്ട്രെക്ചർ സൗകര്യം പോലുമില്ലാത്തതിനാൽ ലിഫ്റ്റ് അടിയന്തരമായി പ്രവർത്തനക്ഷമമാക്കുക മാത്രമാണ് പോംവഴിയാണ് ആശുപത്രി അധികൃതർക്കു മുന്പിലുള്ളത്.
ഡയറക്ടറേറ്റ് അന്വേഷണം
ലിഫ്റ്റ് തകരാറായതിനെത്തുടർന്ന് തുണി സ്ട്രെക്ച്ചറിൽ ചുമന്നുകൊണ്ടുവന്ന രോഗി താഴെ വീണെന്ന പരാതി അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ ഡോ. നന്ദകുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഇന്നലെ ആശുപത്രിയിലെത്തി. തകരാറായ ലിഫ്റ്റ് പരിശോധിച്ചു. ഡിഎംഒ ഡോ. എൽ. അനിതകുമാരി, ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ സുഷമ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് വകുപ്പുതല അന്വേഷണം തുടങ്ങിയത്. റിപ്പോർട്ട് ഉടൻ മന്ത്രിക്കു കൈമാറും. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു. ഡിഎംഒയിൽനിന്നു കമ്മീഷൻ റിപ്പോർട്ട് തേടിയിരിക്കുകയാണ്.