നാറാണംമൂഴി ബഡ് സ്കൂളിന് ഓണസമ്മാനം; സ്വന്തമായി ബസെത്തി
1452910
Friday, September 13, 2024 2:51 AM IST
റാന്നി: വിദ്യാലയ മുറ്റത്തു വന്ന പുത്തൻ ബസ് തങ്ങൾക്ക് സ്വന്തം എന്നറിഞ്ഞപ്പോൾ ബഡ് സ്കൂളിലെ കുരുന്നുകളുടെ മുഖത്ത് ആഹ്ലാദം അലതല്ലി. മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്കൂളിലേക്ക് എത്താൻ പാടുപെടുന്ന കുഞ്ഞുങ്ങൾക്ക് നൽകിയ ഓണസമ്മാനമായി സ്കൂൾ ബസ്.
നാറാണംമൂഴി ബഡ് സ്കൂളിലാണ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 16.2 ലക്ഷം രൂപ ചെലവഴിച്ച പുതിയ സ്കൂൾ ബസ് പ്രമോദ് നാരായൺ എംഎൽഎ സമ്മാനിച്ചത്. .
പട്ടികജാതി, വർഗ വിഭാഗക്കാരായ കുട്ടികൾ ഉൾപ്പെടെ 78 കുട്ടികളാണ് നാറാണംമൂഴി ബഡ് സ്കൂളിൽ ഉള്ളത്. മലയോര മേഖലയിൽ പല ഭാഗങ്ങളിലായിരുന്നു കുട്ടികളെ സ്കൂളിൽ എത്തിക്കുക ശ്രമകരമായിരുന്നു. ഇതിനുവേണ്ടി ചെലവാകുന്ന ഓട്ടോ ചാർജും മറ്റും പാവപ്പെട്ട കുട്ടികളുടെ രക്ഷകർത്താക്കൾക്ക് താങ്ങാവുന്നതിലും അപ്പുറവുമായിരുന്നു.
സ്കൂൾ സന്ദർശിച്ചപ്പോൾ കുട്ടികളുടെ ബുദ്ധിമുട്ട് നേരിൽക്കണ്ട് മനസിലാക്കിയാണ് റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി എംഎൽഎ പുതിയ ബസ് അനുവദിച്ചത്.ബസിന്റെ ഉദ്ഘാടനം പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് , ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, ബ്ലോക്ക് പഞ്ചായത്തംഗം ഗ്രേസി തോമസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ, സന്ധ്യ അനില്, സാംജി ഇടമുറി, മിനി ഡൊമിനിക്, ബഡ് സ്കൂൾ അധ്യാപകൻ കെ.ആർ. രതീഷ്, പിടിഎ പ്രസിഡന്റ് എം. പി. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.